മദ്യനിരോധനം ലംഘിച്ചാൽ വധശിക്ഷ; പുതിയ ബില്‍ ബീഹാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കും

Webdunia
ചൊവ്വ, 29 മാര്‍ച്ച് 2016 (21:17 IST)
ബീഹാറില്‍ പുതിയ മദ്യനയം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുനു. ഏപ്രിൽ ഒന്നുമുതല്‍ മദ്യനിരോധനം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടത്തിൽ പ്രാദേശികമായി നിർമിക്കുന്ന മദ്യവും സ്പൈസ്ഡ് ലിക്വറുമാണ് നിരോധിക്കുന്നത്. അതിനുശേഷം ഇന്ത്യൻ നിർമിത വിദേശമദ്യവും നിരോധിക്കും. ഇത് ലംഘിക്കുന്നവർക്ക് വധശിക്ഷ നൽകുംവിധം ബിൽ രൂപപ്പെടുത്താനാണ് സർക്കാർ തയാറെടുക്കുന്നത്. പുതിയ ബിൽ അനുസരിച്ച് മദ്യം ഉണ്ടാക്കുകയോ വിതരണം ചെയ്യുകയോ ചെയ്താലും വധശിക്ഷ ലഭിക്കാം. 
 
പുതിയ നീക്കം സര്‍ക്കാറിന്റെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്ന വിലയിരുത്തല്‍ ഉണ്ടെങ്കിലും തീരുമാനവുമായി മുന്നോട്ട് പോകാനാണ് നിതീഷ് കുമാറിന്റെ തീരുമാനം. 3,650 കോടി രൂപയാണ് ബിഹാറിന് മദ്യത്തിൽ നിന്നു വരുമാനമായി ലഭിച്ചിരുന്നത്. മദ്യ നിരോധനത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാന ക്ഷീരോൽപ്പാദന സഹകരണ സംഘത്തിന്റെ സുധാ ഡയറി എന്ന ബ്രാൻഡ് നെയിമിലുള്ള ഉൽപ്പന്നങ്ങൾ വിൽക്കാനാണ് സർക്കാർ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അധികാരത്തില്‍ എത്തിയാല്‍ സമ്പൂർണ മദ്യനിരോധനം നടപ്പാക്കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.