ഭോപ്പാല്‍ ദുരന്തം: ഹര്‍ജി തള്ളി

Webdunia
ബുധന്‍, 11 മെയ് 2011 (11:30 IST)
PRO
PRO
ഭോപ്പാല്‍ വാതകദുരന്തക്കേസില്‍ സി ബി ഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ ലഘൂകരിച്ച് കൊണ്ടുള്ള ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ഈ ഉത്തരവ് പുനപരിശോധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

കേസില്‍ പ്രതികളായ യൂണിയന്‍ കാര്‍ബൈഡ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റകരമായ നരഹത്യക്കാണ്‌ ആദ്യം കേസെടുത്തിരുന്നത്‌. എന്നാല്‍ പിന്നീട്‌ ഇത് അശ്രദ്ധമൂലം മരണത്തിനിടയാക്കിയെന്ന കുറ്റമായി സുപ്രീംകോടതി ചുരുക്കി. 1996-ലാണ് പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ ലഘൂകരിച്ചത്. അതേസമയം ഇതിനെതിരെ ഹര്‍ജി നല്‍കാന്‍ 14 വര്‍ഷം കാത്തിരുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി ബുധനാഴ്ച ചൂണ്ടിക്കാട്ടി. എന്നാല്‍ നരഹത്യാ കുറ്റം ചുമത്തുന്നതിന് 1996-ലെ വിധി തടസ്സമല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കുറ്റം ലഘൂകരിച്ചതിന്റെ ഫലമായി വിചാരണക്കോടതി പ്രതികള്‍ക്ക്‌ രണ്ടുവര്‍ഷം തടവുമാത്രമാണ്‌ ശിക്ഷ നല്‍കിയത്‌. കുറ്റകരമായ നരഹത്യക്ക്‌ പരമാവധി പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്.