ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന് സിദ്ധനായ യുവാവ് സ്വപ്നം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ദേശീയപാത കുഴിച്ചു. ഹൈദരാബാദ് വാറങ്കല്‍ ദേശീയപാതയിലാണ് സംഭവം നടന്നത്. ശിവലിംഗം തേടിയുള്ള കൂറ്റന്‍ കുഴിയെ തുടര്‍ന്ന് ഈ മേഖലയില്‍ ഗതാഗത സ്തംഭനം വന്നതോടെ സിദ്ധനെയും സിദ്ധന് കൂട്ടു നിന്ന നാട്ടുക്കൂട്ടം തലവനെയും നാട്ടുകാരെയുമെല്ലാം പൊലീസ് അറസ്റ്റ് ചെയ്തു.
വിചിത്ര ശിവഭക്തന്‍ 30 കാരനായ ലാഘന്‍ മനോജ് എന്നയാളുടെ ഭൂതാവേശം ഏറ്റെടുത്താണ് നാട്ടുകാര്‍ ഹൈവേയില്‍ കൂറ്റന്‍ കുഴിയെടുത്തത്. താന്‍ പതിവായി കാണുന്ന സ്വപ്നത്തില്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് ഒരു പ്രത്യേക സ്ഥലം ചൂണ്ടിക്കാട്ടി ഇവിടെ ഒരു ശിവലിംഗം ഉണ്ടെന്നും അത് കണ്ടെത്തി അവിടെ ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെടുകയാണെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഈ വിഷയം നാട്ടുകാരും നാട്ടുക്കൂട്ടവും മുനിസിപ്പല്‍ അധികാരികളുമെല്ലാം ഏറ്റെടുക്കുകയും കുഴിക്കുകയുമായിരുന്നു.
മനോജില്‍ ഭൂതാവേശം ഉണ്ടായതോടെ നാട്ടുകാര്‍ ജെസിബിയും മറ്റും വാടയ്ക്ക് എടുക്കുകയും ദേശീയപാതയില്‍ കൂറ്റന്‍ കുഴിയെടുക്കാന്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ കുഴി കൂറ്റനായിട്ടും ശിവലിംഗം കണ്ടെത്താനായില്ല. ദേശീയപാതയില്‍ ട്രാഫിക് ജാം ഉണ്ടായതോടെ പോലീസ് സ്ഥലത്ത് എത്തിച്ചേരുകയും മനോജിനെയും നാട്ടുക്കൂട്ടം തലവനെയും കൂട്ടുനിന്നവരെയുമെല്ലാം അറസ്റ്റ് ചെയ്തു.
ഐഎസ്ആര്‍ഒ ഏറ്റവും ഭാരമേറിയ റോക്കറ്റ് ജിഎസ്എല്‍വി എംകെ-3 വിക്ഷേപിച്ച അതേ ദിവസമായിരുന്നു യുവാവിന്റെ വെളിപാടില്‍ വിശ്വസിച്ചു ശിവലിംഗം കണ്ടെത്താന്‍ കുഴിയെടുത്തതിന് വന്‍ വിമര്‍ശനമാണ് നാട്ടുകാരില്‍ നിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.