ഭിന്നിപ്പിച്ച് ഭരിക്കുക, കോണ്‍ഗ്രസിന്റെ തത്വം

Webdunia
തിങ്കള്‍, 3 ഫെബ്രുവരി 2014 (11:31 IST)
PTI
കോണ്‍ഗ്രസ് സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണ് നരേന്ദ്ര മോഡി. വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ള യുവാക്കള്‍ ഡല്‍ഹിയില്‍ ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാറാണെന്നും മോഡി കുറ്റപ്പെടുത്തി.

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപിയുടെ ഏഴാമത് 'വിജയ ശംഖനാദ്' റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''നിങ്ങളുടെയെല്ലാം മുന്‍പില്‍, സോണിയാഗാന്ധിയുടെ മൂക്കിനുതാഴെ, അരുണാചല്‍പ്രദേശില്‍നിന്നുള്ള യുവാവ് മര്‍ദനമേറ്റു മരിച്ചു. ഒരു ആഗോളനഗരമായി വേണം ഡല്‍ഹിയെ കണക്കാക്കാന്‍.

എന്നാല്‍, അടുത്തിടെ ഇവിടെ അരങ്ങേറുന്ന സംഭവങ്ങള്‍ നാണക്കേടുണ്ടാക്കുന്നവയും തലകുനിക്കാന്‍ ഇടയാക്കുന്നവയുമാണ്'' മോഡി പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്ത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിലാണ് അവര്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തനിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ നടത്തിയ 'വിഷഭൂമി' പ്രയോഗത്തിനെതിരെയും മോഡി ആഞ്ഞടിച്ചു. അധികാരം വിഷമാണെന്നാണ് സോണിയാഗാന്ധി ഒരിക്കല്‍ മകന്‍ രാഹുലിനോട് പറഞ്ഞത്. പക്ഷേ, സ്വാതന്ത്ര്യത്തിനുശേഷം ഏറ്റവും കൂടുതല്‍ അധികാരത്തിലിരുന്നതും ആ വിഷം ഏറ്റവുമധികം നുകര്‍ന്നതും കോണ്‍ഗ്രസാണെന്നും മോഡി പറഞ്ഞു.

യുപി ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയല്ലെന്നും അത് 'സമാജ് വിരോധി' പാര്‍ട്ടിയാണെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങള്‍ക്ക് കുറഞ്ഞപക്ഷം ക്ഷേമവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് അദ്ദേഹം ആവശ്യപ്പെട്ടു.