ഭാര്യയെയും അഞ്ചു പെണ്‍മക്കളെയും കുത്തികൊലപ്പെടുത്തിയ ആള്‍ പിടിയില്‍. ഛത്തീസ്ഗഢ് ബാലോഡ് ജില്ലലെ ദാല്‍സിംഗ് ദേവംഗന്‍(36) ആണ് അറസ്റ്റിലായത്. ഭാര്യക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന സംശയത്തിലാണ് ഇയാള്‍ കൃത്യം നടത്തിയത്.
ഞായറാഴ്ച രാത്രിയാണ് ദാല്‍സിംഗ് ഭാര്യ താനേശ്വരി ദേവി മക്കളായ നിഷ(15), ലക്ഷ്മി(12), ശാന്തി(10), നന്ദിനി(7), സന്ധ്യ(3) എന്നിവരെ കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്, സ്വഭാവ ദൂഷ്യം ആരോപിച്ച് ദാല്‍സിംഗ് ഭാര്യയുമായി സംഭവ ദിവസം കലഹം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാള്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തുകയായിരുന്നു.
ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ദാല്‍സിംഗിന്റെ അമ്മ തിജന്‍ഭായി വിവരം സമീപവാസികളെ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് ദാല്‍സിംഗിനെ അറസ്റ്റുചെയ്തത്.