ഭാര്യയുടെ അവഗണനയില്‍ മനംനൊന്ത് ജീവിച്ചയാളോട് കോടതി കനിഞ്ഞു, വിവാഹമോചനത്തിന് അനുവാദം നല്‍കി. വിവാഹം കഴിഞ്ഞ് നാളുകള്‍ക്കകം ഭാര്യ ഉപേക്ഷിച്ചുപോയ ആള്‍ക്ക് ഡല്‍ഹി കോടതിയാണ് വിവാഹമോചനം അനുവദിച്ചത്. ഹിന്ദു മാരേജ് ആക്ട് പ്രകാരമായിരുന്നു ഇത്.
2009 ഡിംസബറില്‍ ആണ് ഇയാള്‍ വിവാഹിതനായത്. എന്നാല്‍ ഒരുമാസത്തിന് ശേഷം ഇവര്‍ വേര്‍പിരിഞ്ഞുകഴിയാന്‍ തുടങ്ങി. ഭാര്യയുടെ മോശം പെരുമാറ്റമായിരുന്നു കാരണം. കൊച്ചുകാര്യങ്ങള്‍ക്ക് പോലും ഭാര്യ അകാരണമായി വഴക്കിട്ടു, ഭാര്യയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ച ഇയാളെ അവരുടെ വീട്ടുകാര്‍ തല്ലുകയും ഉണ്ടായി എന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു.
ശാരീരിക ബന്ധം ആവശ്യപ്പെട്ടാല്‍ ഭീഷണിപ്പെടുത്തുമായിരുന്നു. തന്നെയും തന്റെ കുടുംബത്തെയും തകര്‍ക്കും എന്ന് പറഞ്ഞായിരുന്നു ഭീഷണി. ഒടുവില്‍ 2010 ജനുവരി ഒന്നിന് ഭാര്യ ഇയാളെ ഉപേക്ഷിച്ചുപോയി. പിന്നീട് മടങ്ങി വന്നതേയില്ല.
ഭാര്യയില്‍ നിന്ന് ഇയാള്‍ക്ക് പലതരത്തിലുള്ള മാനസിക-ശാരീരിക പീഡനങ്ങള്‍ നേരിടേണ്ടിവന്നു എന്ന് കോടതി കണ്ടെത്തി. ഭര്‍ത്താവിനെ ഭാര്യ പൂര്‍ണ്ണമായും ഉപേക്ഷിച്ച് പോയതിനാല്‍ ആ വിവാഹബന്ധം അവസാനിച്ചതായി കോടതി ഉത്തരവില്‍ പറയുന്നു.