ഭാരതത്തെ വിഭജിച്ചത് സവര്‍ക്കര്‍: ദിഗ്‌വിജയ്

Webdunia
ശനി, 29 ജനുവരി 2011 (12:14 IST)

അഖണ്ഡ ഭാരതത്തെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ചത് മുഹമ്മദലി ജിന്നയല്ലെന്നും വീര്‍ സവര്‍ക്കര്‍ ആയിരുന്നുവെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ ദിഗ്‌വിജയ്‌ സിംഗ്‌. ഡല്‍‌ഹിയില്‍ കോണ്‍ഗ്രസ്‌ ആസ്ഥാനത്ത്‌ നടത്തിയ പത്രസമ്മേളനത്തിലാണ് വീര്‍ സവര്‍ക്കര്‍ക്കെതിരെ ദിഗ്‌വിജയ് ആഞ്ഞടിച്ചത്. കാവി ഭീകരത, ഹേമന്ത് കര്‍ക്കറയുടെ ഫോണ്‍ തുടങ്ങിയ വിവാദങ്ങള്‍ക്ക് ശേഷം ചൂടുപിടിക്കുന്ന മറ്റൊരു വിവാദത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ് ദിഗ്‌വിജയ് ഈ പ്രസ്താവനയിലൂടെ.

PRO
PRO


“എല്ലാവരും കരുതുന്നത് മുഹമ്മദലി ജിന്നയാണ് അഖണ്ഡ ഭാരതത്തെ പിളര്‍ത്തിയത് എന്നാണ്. എന്നാല്‍ അതില്‍ സത്യമില്ല. സവര്‍ക്കറാണ്‌ ദ്വിരാഷ്‌ട്രവാദം ആദ്യം മുന്നോട്ടുവച്ചത്‌. അത്‌ പിന്നീട്‌ മുഹമ്മദലി ജിന്ന ഏറ്റെടുക്കുകയായിരുന്നു. ഇത്തരം തീവ്രവാദ സിദ്ധാന്തങ്ങള്‍ ഭിന്നിപ്പുണ്ടാക്കുകയേ ഉള്ളൂ. അത്‌ സമൂഹത്തിന്‌ ആരോഗ്യകരമല്ല”

“മതത്തിന്റെ അടിസ്ഥാനത്തിലുള്ള തീവ്രരാഷ്‌ട്രീയ തത്വങ്ങളും മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭക്തിയും തമ്മില്‍ വ്യത്യാസമുണ്ട്‌. ഹിന്ദുവായാലും മുസ്ലിം ആയാലും സ്വന്തം മതത്തില്‍ യഥാര്‍ത്ഥ വിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക്‌ തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയില്ല. സവര്‍ക്കര്‍ ഒരിക്കലും ഈശ്വരവിശ്വാസി ആയിരുന്നിരിക്കില്ല. അതുപോലെ ജിന്നയും വിശ്വാസിയായ മുസ്ലിം ആയിരുന്നോ എന്നതിനെപ്പറ്റി സംശയമുണ്ട്‌. ”

“സവര്‍ക്കറും ജിന്നയും അവരവരുടെ മതങ്ങളില്‍ ശരിയായി വിശ്വസിച്ചിരുന്നെങ്കില്‍ തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കില്ലായിരുന്നു. രാമക്ഷേത്രം പണിയാനും ദേശീയ പതാക ഉയര്‍ത്താനും വിവാദസ്ഥലങ്ങള്‍ തന്നെ ബിജെപി തിരഞ്ഞെടുത്തത്‌ ഈ തീവ്രവാദ നിലപാടിന്റെ സമീപകാല ഉദാഹരണങ്ങളാണ്” - ദിഗ്‌വിജയ് പറഞ്ഞു.

ബിജെപിയെയും സംഘപരിവാര്‍ സംഘടനകളെയും പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവനകളാണ് അടുത്തകാലത്തായി ദിഗ്‌വിജയ് സിംഗ് നടത്തുന്നത്. ‘സവര്‍ക്കര്‍ വിവാദ’ പ്രസ്താവന നടത്താന്‍ ദിഗ്‌വിജയ് തെരഞ്ഞെടുത്തത് കോണ്‍‌ഗ്രസ് ആസ്ഥാനം തന്നെയായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്തായാലും, ദിഗ്‌വിജയിന്റെ പ്രസ്താവനയോട് സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി യോജിപ്പ്‌ പ്രകടിപ്പിച്ചു. ദ്വിരാഷ്‌ട്ര വാദം അവതരിപ്പിച്ച സവര്‍ക്കര്‍ ഹിന്ദുധര്‍മ്മത്തെ യുദ്ധസജ്ജമാക്കാനും രാഷ്‌ട്രീയത്തെ മൊത്തം ഹൈന്ദവവത്കരിക്കാനും ആഹ്വാനം ചെയ്തിരുന്നുവെന്നും യെച്ചൂരി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്