ബോളിവുഡ് താരങ്ങളഭിനയിച്ച ദേശീയ പഠനാവകാശ നിയമത്തിന്റെ പ്രചരണഗാനം പുറത്തിറക്കി

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2013 (08:16 IST)
PTI
PTI
ബോളിവുഡ് താരങ്ങളഭിനയിച്ച ദേശീയ പഠനാവകാശ നിയമത്തിന്റെ പ്രചരണഗാനം പുറത്തിറക്കി. വീഡിയോ ആല്‍ബമായിട്ടുള്ള പ്രചരണഗാനം പ്രകാശനം ചെയ്യുന്ന ചടങ്ങ് ഡല്‍ഹിയിലായിരുന്നു. പഠനാവകാശനിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിനാണ് പ്രചരണഗാനം പുറത്തിറക്കിയിരിക്കുന്നത്.

പ്രമുഖ ഗാനരചയിതാവ് ജാവേദ് അക്തര്‍ രചിച്ചിരിക്കുന്ന ഗാനത്തില്‍ ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂര്‍, ഇമ്രാന്‍ ഖാന്‍, അനുഷ്‌കാ ശര്‍മ്മ, കത്രീന കൈഫ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

അഞ്ച് മുതല്‍ പതിന്നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിയമം മൂലം അവകാശമാക്കുന്ന നയമാണ് ദേശീയ പഠനാവകാശ നിയമം. പഠനാവകാശ നിയമ പ്രകാരം പാഠപുസ്തകങ്ങളും, യൂണിഫോമും, ഉച്ചഭക്ഷണവുമുള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൌജന്യമായി ലഭിക്കും.

വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചും പഠനാവകാശനിയമത്തിന്റെ ഗുണങ്ങളും നിയമത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അവകാശങ്ങളുമാണ് ഗാനത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

എല്ലാ ഭാഷകളിലും ആവിഷ്കരിച്ചിരിക്കുന്ന പ്രചരണഗാനം ദൂരദര്‍ശനും ആകാശവാണിയും ഉള്‍പ്പെടെയുള്ളവയില്‍ പ്രക്ഷേപണം ചെയ്യും.