ഒരു ആത്മകഥയിലൂടെ ബോഫോഴ്‌സ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു. പ്രതിരോധ ഇടപാടുകളിലൂടെ ലഭിക്കുന്ന കമ്മീഷന്‍ പണം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തനച്ചിലവിന് മാത്രമായി വിനിയോഗിക്കാന്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
സിബിഐ മുന്‍ ഡയക്ടര്‍ എ പി മുഖര്‍ജിയുടെ ആത്മകഥയിലാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തല്‍. മന്ത്രിമാരും ഉദ്യോഗസ്ഥവൃന്ദങ്ങളും ബിസിനസുകാരും തമ്മിലുള്ള അവിശുദ്ധ ഇടപാട് തടയുന്നതിനാണ് രാജീവ് ഗാന്ധി ഇത്തരത്തില്‍ ചിന്തിച്ചതെന്ന് മുഖര്‍ജി പറയുന്നു.
1989-90 കാലത്ത് സിബിഐയുടെ മേധാവിയായിരുന്നു മുഖര്‍ജി.പ്രധാനമന്ത്രിയുടെ വസതിയില്‍ 1989 ജൂണ്‍ 19ന് നടത്തിയ കൂടിക്കാഴ്ചയിലാണ് രാജീവ് ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ട്ടി ആവശ്യത്തിനായി ബിസിനസുകാരില്‍ നിന്ന് പണം പിരിക്കുന്നത് ഒഴിവാക്കാന്‍ കഴിയുന്നതോടെ തട്ടിപ്പുകാരായ ബിസിനസുകാരും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോസ്ഥര്‍ക്കും പ്രത്യുപകാരം ചെയ്യേണ്ട അവസ്ഥ ഭരണകുടത്തിന് ഒഴിവാകുമെന്ന് രാജീവ് മനസ്സിലാക്കിയിരുന്നുവെന്നും മുഖര്‍ജി തന്റെ ' അണ്‍നോണ്‍ ഫേസറ്റ്‌സ് ഓഫ് രാജീവഗ് ഗാന്ധി, ജ്യോതി ബസ്സു, ഇന്ദ്രജിത്ത് ഗുപ്ത' എന്ന പുസ്തകത്തില്‍ വിവരിക്കുന്നു.
1984 ല്‍ പ്രതിരോധ ഇടപാടുകള്‍ക്ക് വന്‍ തുക സൈനിക ഓഫീസര്‍മാര്‍ കമ്മീഷന്‍ പറ്റിയതായി രാജീവിന് ബോധ്യപ്പെട്ടിരുന്നു. 1986ഴലെ ബോഫോഴ്‌സ് ഇടപാടിന്റെ പേരില്‍ ഏറെ പഴി കേട്ട രാജീവ് ഭാവിയില്‍ അത് ഒഴിവാക്കാന്‍ നിയമവൃത്തങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നൂ.
ബിസിനസ് ഇടപാടുകള്‍ക്കുള്ള കമ്മീഷന്‍ സര്‍ക്കാര്‍ ഇതര കമ്പനിയുടെ കീഴിലാക്കി അത് പാര്‍ട്ടി ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനായിരുന്നു രാജീവിന്റെ ആലോചന. പാശ്ചാത്യ രാജ്യങ്ങളില്‍ സ്വീകരിക്കുന്ന മാതൃകയില്‍ ബിസനിസുകാരും മറ്റും പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനകള്‍ കൃത്യമായ കണക്കെടുപ്പിനും ഓഡിറ്റിങ്ങിനും വിധേയമാക്കാനും രാജീവ് ആഗ്രഹിച്ചിരുന്നു.
എന്നാല്‍ ബോഫോഴ്‌സ് വിവാദം ചിലര്‍ രാഷ്ട്രീയ ആയുധമാക്കിയതോടെ തന്റെ തീരുമാനങ്ങള്‍ പിന്‍വലിക്കാന്‍ രാജീവ് നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും മുഖര്‍ജി പറയുന്നു.
കോണ്‍ഗ്രസ് പോലെയൊരു വലിയ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ വന്‍തോതില്‍ പണം ആവശ്യമാണ്. തെരഞ്ഞെടുപ്പ് വേളകളില്‍ ചെലവ് വീണ്ടും ഉയരും. ഇത് കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ വന്‍ അഴിമതിക്കു ഇടയാക്കുന്നുവെന്നും രാജീവ് മനസ്സിലാക്കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും യുവജന പ്രസ്ഥാനത്തെ നയിച്ചപ്പോഴും താന്‍ ഇത് മനസ്സിലാക്കിയിരുന്നുവെന്ന് രാജീവ് വ്യക്തമാക്കിയിരുന്നുവെന്നും മുഖര്‍ജി പുസ്തകത്തില്‍ പറയുന്നു.
പുസ്തകത്തിലൂടെ നീളം രാജീവ് ഗാന്ധിയെ പുകഴ്ത്തുന്ന മുഖര്‍ജി, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച കാലത്ത് സമാനതകളില്ലാത്ത മനുഷ്യസ്‌നേഹിയുടെ വിശ്വസ്ത പല ഘട്ടങ്ങളിലും അനുഭവപ്പെട്ടിരുന്നുവെന്നും പറയുന്നു. രാജീവുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശം പുറത്തുവിടുന്നത് ഈ സാഹചര്യത്തിലാണെന്നും മുഖര്‍ജി വ്യക്തമാക്കുന്നു.
കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി നടത്തിക്കൊണ്ടുപോകുന്നതിന് വലിയൊരു തുക ആവശ്യമാണെന്ന് യുവ പ്രധാനമന്ത്രി തന്നോട് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ വളരെ ഉയര്‍ന്ന തുക തന്നെ വേണ്ടിവന്നിരുന്നു. ഇതിനായി പാര്‍ട്ടി പ്രവര്‍ത്തകരിലൂടെ രാജ്യവ്യാപകമായി വന്‍ തുക പിരിച്ചെടുക്കുകയായിരുന്നു ചെയ്തിരുന്നത്.
പാര്‍ട്ടി പ്രവര്‍ത്തകരും മന്ത്രിമാരും സംഭാവന നല്‍കുന്ന ബിസിനസ്സുമാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് വഴിയൊരുക്കുമെന്നും രാജീവ് കണക്കുകൂട്ടിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോഴും അതിന് മുമ്പ് യുവജനനേതാവായി പ്രവര്‍ത്തിക്കുമ്പോഴും മനസ്സിലാക്കാനായ കാര്യങ്ങളാണിതെന്ന് രാജീവ് തന്നോട് പറഞ്ഞുവെന്ന് മുഖര്‍ജി എഴുതുന്നു.