ബേട്ടി ബിയുടെ പേര് ‘അഭിലാഷ’ എന്നല്ല!

Webdunia
ബുധന്‍, 22 ഫെബ്രുവരി 2012 (15:49 IST)
IFM
അഭിഷേക് ബച്ചന്‍ - ഐശ്വര്യ റായ് ദമ്പതികളുടെ മകളുടെ പേര് എന്തായിരിക്കും? ആലിയയെനോ അഭിലാഷയെന്നോ? ഊഹാപോഹങ്ങള്‍ വ്യാപകമാകുകയാണ്. നിലവില്‍ ‘ബേട്ടി ബി’ എന്നാണ് കുഞ്ഞ് അറിയപ്പെടുന്നത്. കുഞ്ഞ് ജനിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും പേരിടുന്ന കാര്യത്തില്‍ ബച്ചന്‍ കുടുംബം ആശയക്കുഴപ്പത്തിലാണെന്നാണ് സൂചന.

കുഞ്ഞിന്‍റെ പേരിന്‍റെ ആദ്യ അക്ഷരം ‘A' ആയിരിക്കും എന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ വാതുവയ്പുകാര്‍ മുതല്‍ ടി വി ചാനലുകളും സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളും വരെ തങ്ങള്‍ക്ക് തോന്നുന്ന പേരുകളൊക്കെ പുറത്തുവിടാന്‍ തുടങ്ങി. കുഞ്ഞിന് ‘ആലിയ’ എന്ന് പേരിട്ടു എന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്ത. എന്നാല്‍ ഇക്കാര്യം ബച്ചന്‍ കുടുംബം നിഷേധിച്ചു. പിന്നീട് കേട്ടത് ‘അഭിലാഷ’ എന്ന് പേരിട്ടു എന്നാണ്.

അഭിലാഷ നല്ല പേര് തന്നെ. അഭിഷേകും ആഷും ഒന്നിക്കുമ്പോള്‍ ‘അഭിലാഷ’ ഉണ്ടാകുന്നു. വെരി സിം‌പിള്‍. “അഭിലാഷയെന്നാണോ ബേട്ടി ബിയുടെ പേര്? ഗംഭീരം.” - കഴിഞ്ഞ ദിവസം ശോഭാ ഡേ ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചു. ഉടന്‍ വന്നു ബിഗ്‌ബിയുടെ വക ട്വീറ്റ് - “അഭിലാഷ എന്ന് പേരിട്ടു എന്ന വാര്‍ത്ത ശരിയല്ല”.

എന്തായാലും കുഞ്ഞിന്‍റെ പേര് അമിതാഭ് ബച്ചന്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ബിഗ്ബി പുറത്തിറങ്ങിയാലുടന്‍ ബേട്ടി ബിയുടെ യഥാര്‍ത്ഥ പേര് അറിയാനാകുമെന്ന പ്രതീക്ഷയിലാണ് മാധ്യമങ്ങളും സിനിമാ പ്രേമികളും.