ബീഹാര്‍ ഭക്ഷ്യ വിഷബാധ: ഹെഡ്മിസ്ട്രസ് കീഴടങ്ങി

Webdunia
വ്യാഴം, 25 ജൂലൈ 2013 (15:46 IST)
PTI
PTI
ബീഹാര്‍ ഭക്ഷ്യ വിഷബാധ കേസില്‍ ഒളിവിലായിരുന്ന സ്കൂള്‍ ഹെഡ്മിസ്ട്രസ് പൊലീസിന് കീഴടങ്ങി. ബീഹാറിലെ ഛാപ്രയിലെ ധര്‍മ്മസതി ഗന്ധമന്‍ പ്രൈമറി സ്കൂളിലെ 23 കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഹെഡ്മിസ്ട്രസ് മീനാദേവി ഇന്നലെയാണ് പൊലീസിന് മുമ്പാകെ കീഴടങ്ങിയത്. കൊലപാതകത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കുമാണ് മീനാദേവിക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഭക്‌ഷ്യവിഷബാധ കേസില്‍ ചപ്രയിലെ പൊലീസ് സൂപ്രണ്ട് സുജിത്കുമാറിന്റെ നേതൃത്വത്തില്‍ ഉള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഗുരുതരനിലയില്‍ കഴിയുന്ന നാലു കുട്ടികളുടെ രക്തസാമ്പിള്‍ അന്വേഷണത്തിന്റെ ഭാഗമായി പരിശോധനക്കയച്ചിരുന്നു. വീര്യം കൂടിയ വിഷമാണ് കുട്ടികളുടെ ശരീരത്തില്‍ ചെന്നതെന്നാണ് ഇതിന്റെ ഫലം വ്യക്തമാക്കുന്നത്. സ്കൂളില്‍നിന്ന് നല്‍കിയ ചോറും ഉരുളക്കിഴങ്ങ് കറിയും കഴിച്ച കുട്ടികള്‍ മിനിട്ടുകള്‍ക്കകം തലകറങ്ങിവീഴുകയായിരുന്നു. രാസ വിഷം ഉള്ളില്‍ കടന്നതായാണ് ലക്ഷണങ്ങള്‍ കാണിക്കുന്നതെന്ന് നേരത്തെ വിദഗ്ധര്‍ പറഞ്ഞിരുന്നു.

ഹെഡ്മിസ്ട്രസ് മീനാ ദേവിയും ഭര്‍ത്താവും ഉച്ചഭക്ഷണത്തിന് അനധികൃതമായി പലവ്യഞ്ജനങ്ങള്‍ വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതും അന്വേഷണ വിധേയമാക്കും. കീടനാശിനിയുടെ ഒഴിഞ്ഞ അഞ്ചുപാക്കറ്റുകള്‍ മീനാദേവിയുടെ വീട്ടില്‍നിന്നും കണ്ടെത്തിയിരുന്നു.

രാജ്യത്തുടനീളമുള്ള 10.2 കോടി ദരിദ്ര കുട്ടികളുടെ പോഷാകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ആവിഷ്കരിച്ച ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായാണ് സ്കൂളില്‍ ഭക്ഷണം നല്‍കിയത്. ഇതിനകം തന്നെ ഇതിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.