ഡല്‍ഹിയില്‍ കോടീശ്വരനായ ബിഎസ്‌പി നേതാവ് ദീപക് ഭരദ്വാജിനെ കൊലപ്പെടുത്തിയ കേസില്‍ ഇളയ മകനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലയില്‍ മകന്‍ നിതേഷിന് നിര്‍ണ്ണായക പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. തന്റെ മുന്‍ കാമുകിയെ പിതാവ് വിവാഹം ചെയ്യാന്‍ പോകുന്നു എന്ന വിവരമാണ് കൊലപാതകം ആസൂത്രണം ചെയ്യാന്‍ നിതേഷിനെ പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്.
നിതേഷിന്റെ മുന്‍ കാമുകിയുമായി ദീപക് പ്രണയത്തില്‍ ആയിരുന്നു. ദീപകിനേക്കാള്‍ 35 വയസ്സ് ഇളയതാണ് ഈ സ്ത്രീ. ചുറുചുറുക്കുള്ള സുന്ദരിയായ കാമുകിയെ എന്തുവിലകൊടുത്തും വിവാഹം ചെയ്യാന്‍ ദീപക് ആഗ്രഹിച്ചിരുന്നു.
ഇതിനായി ഭാര്യ രമേഷ് കുമാരിയില്‍ നിന്ന് വിവാഹമോചനം നേടാനുള്ള ശ്രമത്തിലായിരുന്നു ദീപക്. വിവാഹമോചനത്തിന്റെ നടപടിക്രമങ്ങള്‍ക്കായി ഇയാള്‍ ഒരു അഭിഭാഷകനെ സമീപിച്ചിരുന്നു. നിതേഷിന്റെ ഉറ്റ സുഹൃത്തായ ഈ അഭിഭാഷകന്‍ ദീപകിന്റെ നീക്കങ്ങള്‍ അയാള്‍ക്ക് ചോര്‍ത്തിക്കൊടുത്തു.
ദീര്‍ഘനാളായി പിതാവുമായി അകന്ന് കഴിയുകയായിരുന്ന നിതേഷിന് ഈ വിവരങ്ങള്‍ കൂടി അറിഞ്ഞതോടെ ദേഷ്യം നിയന്ത്രിക്കാനായില്ല. വിവാഹം തടയാന്‍ മറ്റൊരു മാര്‍ഗം ഇല്ലാതെ വന്നപ്പോഴാണ് പിതാവിനെ കൊലപ്പെടുത്താന്‍ ഇയാള്‍ മുതിര്‍ന്നത് എന്നാണ് വിവരം.