ബിഹാര്‍ ഉച്ചഭക്ഷണ ദുരന്തം: സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവ് കീഴടങ്ങി

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2013 (15:44 IST)
ബിഹാറില്‍ ഉച്ചഭക്ഷണം കഴിച്ച് സ്കൂള്‍ കൂട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ മീനദേവിയുടെ ഭര്‍ത്താവ് അര്‍ജുന്‍ റായ് പൊലീസില്‍ കീഴടങ്ങി.

ബിഹാറിലെ സരന്‍ ജില്ലയില്‍ ധര്‍മസതി ഗണ്ഡമാന്‍ ഗ്രാമത്തില്‍ 23 പ്രൈമറി സ്കൂള്‍ കുട്ടികള്‍ ജൂലൈ 16ന്‌ ഉച്ചഭക്ഷണം കഴിച്ചതിനെത്തുടര്‍ന്നു മരിച്ചിരുന്നു. ഉച്ചഭക്ഷണത്തില്‍ കലര്‍ന്ന് വിഷാംശമാണ് ഇത്രയും കുട്ടികളുടെ ജീവനെടുക്കാന്‍ കാരണമായത്.

തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ അര്‍ജുന്‍ റായിയുടെ കടയില്‍നിന്നാണു ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങിയതെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന്‌ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പൊലീസിന് കീഴടങ്ങുന്നത്.

അര്‍ജുന്‍ റായെ 14 ദിവസത്തേക്കു കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസ് അന്വേഷണം എത്രയും പെട്ടന്ന് തീര്‍ക്കണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടിരുന്നു.