ബിജെപി വിട്ടതിന് കാരണക്കാരന്‍ മോഡി: സഞ്ജയ് ജോഷി

Webdunia
വെള്ളി, 8 ജൂണ്‍ 2012 (16:16 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കടുത്ത എതിരാളിയായിരുന്ന സഞ്ജയ് ജോഷി ബി ജെ പി വിട്ടു. അദ്ദേഹത്തിന്റെ രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്വീകരിച്ചു. മുംബൈയില്‍ ഈയിടെ നടന്ന പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവില്‍ നിന്ന് സഞ്ജയ് ജോഷിയെ ഒഴിവാക്കിയിരുന്നു. ബി ജെ പി മുന്‍ ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം.

മോഡിയുടെ സമ്മര്‍ദ്ദം മൂലമാണ് രാജി എന്ന് സഞ്ജയ് ജോഷി പറഞ്ഞു. ഈഅടുത്ത നാളുകളില്‍ ഗുജറാത്തിന്റെ പലഭാഗങ്ങളിലും സഞ്ജയ് ജോഷി അനുകൂല പോസ്റ്ററുകളും ഹോര്‍ഡിംഗുകളും പ്രത്യക്ഷപ്പെട്ടിരുന്നു. മോഡിയെ കുറ്റപ്പെടുത്താനും കളിയാക്കാനും ലക്‍ഷ്യം വച്ചുള്ള പോസ്റ്ററുകളായിരുന്നു അവ. സഞ്ജയ് ജോഷിയുടെ രാജിക്ക് തൊട്ടുമുമ്പ് അഹമ്മദാബാദിലും രാജ്കോട്ടിലും സമാനരീതിയിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

മോഡിയുടെ സമ്മര്‍ദ്ദതന്ത്രത്തിന്റെ ഫലമായാണ് സഞ്ജയ് ജോഷി പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവില്‍ നിന്ന് പുറത്തായത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കാനിരിക്കെയാണ് സഞ്ജയ് ജോഷി പാര്‍ട്ടി വിട്ടിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അദ്ദേഹം ആര്‍ എസ് എസിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങും എന്നാണ് റിപ്പോര്‍ട്ട്.