ബിജെപിയുടെ രാഷ്ട്രീയ ഏകതായാത്ര പഞ്ചാബ് അതിര്‍ത്തിയിലെ ലഖന്‍പൂരില്‍ വച്ച് തടഞ്ഞു. ജമ്മുവിലേക്ക് കടന്ന നാനൂറോളം ബിജെപി പ്രവര്‍ത്തകരെയും സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്ലി, അനന്ത് കുമാര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളെയും അറസ്റ്റ് ചെയ്തതായി ജമ്മു-കശ്മീര്‍ ഡിജിപി പ്രഖ്യാപിച്ചു.
ജമ്മുവിലേക്ക് കടക്കുന്ന ലഖന്‍പൂര്‍ പാലത്തില്‍ വച്ച് തന്നെ ബിജെപി നേതാക്കള്‍ സഞ്ചരിച്ചിരുന്ന വാഹനം പൊലീസ് തടഞ്ഞിരുന്നു. ജമ്മുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നൂറ്റിനാല്‍പ്പത്തിനാലാം വകുപ്പ് അനുസരിച്ചാണ് അറസ്റ്റ്.
ദേശീയപതാകയും കയ്യിലേന്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് തകര്‍ത്ത് പാലത്തിലൂടെ ജമ്മുവിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ അന്തരീക്ഷം തികച്ചും സംഘര്‍ഷഭരിതമായിരുന്നു.
ഏകതാ യാത്രയില്‍ പങ്കെടുക്കുന്നതിനായി എത്തിയ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജയ്‌റ്റ്ലി, സുഷമ സ്വരാജ്, അനന്ത് കുമാര്‍ എന്നിവരെ കഴിഞ്ഞ ദിവസം ജമ്മു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്യുകയും രാത്രി പതിനൊന്ന് മണിയോടെ ജമ്മു അതിര്‍ത്തി കടത്തുകയും ചെയ്തിരുന്നു. ഇവര്‍ ഇന്ന് പഞ്ചാബില്‍ വച്ച് യാത്രയ്ക്കൊപ്പം ചേരുകയായിരുന്നു.