2008 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അനിരുദ്ധ റോയ് ചൌധരി സംവിധാനം ചെയ്ത ബംഗാളി ചലചിത്രം അന്തഹീനാണ് മികച്ച ചിത്രം. തമിഴ് സംവിധായകന്‍ ബാല മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ചിത്രം: നാന്‍ കടവുള്‍.
മികച്ച നടനായി മറാത്തി താരം ഉപേന്ദ്ര ലിമയെ(ജോഗവ)യും നടിയായി ഹിന്ദി ഗ്ലാമര്‍ ഗേള്‍ പ്രിയങ്ക ചോപ്രയും തെരഞ്ഞെടുക്കപ്പെട്ടു. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ‘ഫാഷന്‍’ എന്ന സിനിമയിലെ മേഘ്ന എന്ന കഥാപാത്രത്തെ അനശ്വരമാക്കിയതിനാണ് പ്രിയങ്കയ്ക്ക് പുരസ്കാരം. ഫാഷനിലെ തന്നെ അഭിനയത്തിന് കങ്കണ റനൌത് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. അര്‍ജുന്‍ രാംപാലാണ് സഹനടന്‍(റോക്ക് ഓണ്‍). ‘എ വെനസ്‌ഡേ’ സംവിധാനം ചെയ്ത നീരജ് പാണ്ഡേയാണ് മികച്ച നവാഗത സംവിധായകന്‍.
സര്‍ക്കാര്‍ രാജ്, കോണ്‍ട്രാക്ട്, ട്രാഫിക് സിഗ്നല്‍ തുടങ്ങിയ സിനിമകളിലൂടെ പ്രശസ്തനായ ഉപേന്ദ്ര ലിമയെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സ്വഭാവ നടന്‍മാരില്‍ ഒരാളാണ്. മലയാള സിനിമയ്ക്ക് പറയത്തക്ക നേട്ടം കുറിക്കാന്‍ ഈ വര്‍ഷത്തെ അവാര്‍ഡില്‍ കഴിഞ്ഞിട്ടില്ല. മലയാളത്തില്‍ നിന്നുള്ള ‘ബയോസ്കോപ്’ പ്രത്യേക പുരസ്കാരത്തിന് അര്‍ഹമായി. ശ്രീകര്‍ പ്രസാദാണ് മികച്ച എഡിറ്റര്‍.
മികച്ച മലയാള ചിത്രമായി രഞ്ജിത്ത് സംവിധാനം ചെയ്ത ‘തിരക്കഥ’ തെരഞ്ഞെടുക്കപ്പെട്ടു. മലയാളിയായ ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത വാരണം ആയിരം മികച്ച തമിഴ് ചിത്രമായി. ഹരിഹരനാണ് മികച്ച ഗായകന്‍. മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ശ്രേയാ ഘോഷാലിന് ലഭിച്ചു. ചമയത്തിനുള്ള പുരസ്കാരം വി മൂര്‍ത്തിക്കാണ്. ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരത്തിനുള്ള പുരസ്കാരം ‘ഓയെ ലക്കി ലക്കി ഓയേ’ സ്വന്തമാക്കി. മികച്ച അനിമേഷന്‍ ചിത്രമായി ‘റോഡ്‌സൈഡ് റോമിയോ’ തെരഞ്ഞെടുക്കപ്പെട്ടു.