ബാബറി മസ്ജിദ്: അദ്വാനി ഉള്‍പ്പെടെ 20 പേര്‍ക്ക് സുപ്രീം കോടതി നോട്ടീസ്

Webdunia
വെള്ളി, 4 മാര്‍ച്ച് 2011 (13:34 IST)
അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ബി ജെ പി നേതാവ് എല്‍ കെ അദ്വാനി ഉള്‍പ്പെടെ ഇരുപത് പേര്‍ക്ക് നോട്ടീസയക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

ക്രിമിനല്‍ ഗൂഢാലോചനയില്‍ അദ്വാനിയെയും മറ്റു 19 പേരെയും കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിനെത്തുടര്‍ന്നാണ് ഈ നടപടി.

ബാബറി മസ്ജിദ് കേസില്‍ ശരിയായ നിഗമനത്തില്‍ എത്തിച്ചേരാന്‍ അലഹബാദ് ഹൈക്കോടതിക്കായില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. തെളിവില്ലെന്ന കാരണത്താലായിരുന്നു അദ്വാനി ഉള്‍പ്പെടെ ഇരുപത് പേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, വി എച് പി നേതാവ് അശോക് സിംഗാള്‍, മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, വിനയ് കത്യാര്‍, ആചാര്യ ഗിരിരാജ് കിഷോര്‍, വിഷ്ണു ഹരി ഡാല്‍മിയ, ശിവസേന തലവന്‍ ബാല്‍ താക്കറെ തുടങ്ങിയവരാണ് കുറ്റവിമുക്തരാക്കപ്പെട്ട മറ്റു പ്രമുഖര്‍.

ഇവര്‍ക്കെതിരേ തെളിവുണ്ടെന്നും ഇത് പരിശോധിക്കാതെയാണു കുറ്റവിമുക്തരാക്കിയതെന്നും സിബിഐ അപ്പീലില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധി വന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.

രണ്ടു എഫ് ഐ ആറുകളാണ് പ്രതികള്‍ക്കെതിരെ തയ്യാറാക്കിയിരുന്നത്. ഒന്നാമത്തേത് അജ്ഞാതരായ ചിലര്‍ക്കെതിരെയാണ്. രണ്ടാമത്തേതിലാണ് അദ്വാനിയെയും മറ്റ് 20പേരെയും പരാമര്‍ശിക്കുന്നത്.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. 2003 സെപ്റ്റംബറിലാണു റായ്ബറേലി കോടതി അദ്വാനി ഉള്‍പ്പെടെ 20 പേരെ കുറ്റവിമുക്തരാക്കിയത്. ഇതിനെതിരേ നല്‍കിയ അപ്പീലില്‍ കീഴ്കോടതി വിധി അലഹബാദ് ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഈ വിധിക്കെതിരേയാണു സിബിഐയുടെ അപ്പീല്‍.