ബാംഗ്ലൂരില്‍ വീണ്ടും ബോംബ് കണ്ടെടുത്തു

Webdunia
ഞായര്‍, 18 ഏപ്രില്‍ 2010 (11:30 IST)
കഴിഞ്ഞ ദിവസം ഇരട്ട സ്ഫോടനം നടന്ന ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്തു നിന്ന് പൊട്ടാത്ത ഒരു ബോംബ് കൂടി കണ്ടെടുത്തു. സ്റ്റേഡിയത്തിനടുത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്.

ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രമാണ് ഞായറാഴ്ച ബോംബ് കണ്ടെത്തിയിരിക്കുന്നത്. പ്രദേശമാകെ പൊലീസ് വലയം സൃഷ്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം ആരംഭിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പായിരുന്നു സ്റ്റേഡിയത്തിന്റെ പന്ത്രണ്ടാം നമ്പര്‍ ഗേറ്റിന് സമീപം ഇരട്ട സ്ഫോടനം നടത്ത്. സ്ഫോടനത്തില്‍ 17 പേര്‍ക്ക് പരുക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോംബ് സ്ക്വാഡ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘം സ്റ്റേഡിയത്തില്‍ മൂന്ന് തവണ പരിശോധന നടത്തിയ ശേഷമായിരുന്നു സ്ഫോടനങ്ങള്‍ നടന്നത് എന്നത് ഗുരുതരമായ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.