ബസ് തട്ടിയെടുത്ത് 9 പേരെ ഇടിച്ചു കൊന്നു: 40 വാഹനങ്ങള്‍ തകര്‍ത്തു

Webdunia
ബുധന്‍, 25 ജനുവരി 2012 (12:42 IST)
മാനസീകാസ്വാസ്ഥ്യമുള്ള ഡ്രൈവര്‍ ബസ് തട്ടിയെടുത്ത് ഓടിച്ച് ഒമ്പത് പേരെ ഇടിച്ചു കൊലപ്പെടുത്തു. 27 പേര്‍ക്ക് പരുക്കേറ്റു. 40 ഓളം വാഹനങ്ങളും ഇടിച്ച് തകര്‍ത്തു.

പൂനെയിലാണ് സംഭവം നടന്നത്. അപകടം വരുത്തിവച്ച മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ഡ്രൈവര്‍ സന്തോഷ് മാനെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ എട്ട് മണിയോടെ സ്വാര്‍ഗേറ്റ് ഡിപ്പോയിലെത്തിയ സന്തോഷ് മാനെ പൂനെ-സതാറ റൂട്ടിലോടുന്ന ബസില്‍ ഓടിക്കയറി. തുടര്‍ന്ന് റോഡിലൂടെ ബസ് അമിതവേഗത്തില്‍ പായിച്ചു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാതെ പാഞ്ഞ ബസ് എതിരെ വന്ന വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും ഇടിച്ചു തെറിപ്പിച്ചു. ഒരു മണിക്കൂറോളം ഇയാള്‍ നഗരത്തെ വിറപ്പിച്ചു.

ഒടുവില്‍ നീലയം തീയറ്ററിന് സമീപത്തെത്തിയപ്പോള്‍ പൊലീസ് ബസ് പിന്തുടര്‍ന്ന് പിടിച്ചു.