ബച്ചന് കുടുംബത്തിന്റെ കഷ്ടകാലം തുടരുകയാണ്. അഭിഷേകിന്റെ ഭാര്യയായ ഐശ്വര്യ റായിയുടെ ജോധാ അക്ബറിലെ വേഷത്തിനെതിരെ രജപുത്രര്‍ രംഗത്ത് വന്നത്, രാജ് താക്കറെ ബിഗ് ബിക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്....എന്നിവ മൂലം വിഷമവൃത്തത്തിലായിരുന്ന ബച്ചന് കുടുംബം ആഘോഷിച്ച് തിമര്ക്കുവാന് പദ്ധതിയിട്ടിരുന്ന ജൂനിയര്‍ ബച്ചന്റെ പിറന്നാള്‍ ആഘോഷം അമിതാഭ് ബച്ചന് പനി ബാധിച്ചതു മൂലവും രജപുത്രര്‍ പ്രതിഷേധ പ്രകടനം നടത്തിയതു മൂലവും റദ്ദാക്കേണ്ടി വന്നു.
അഭിഷേകിന്റെ പിറന്നാള്‍ ആഘോഷം കേക്ക് മുറിക്കലില്‍ മാത്രം ഒതുങ്ങി. അഭിഷേക് ബച്ചന്റെ മുപ്പത്തി രണ്ടാം പിറന്നാള്‍ ചൊവ്വാഴ്ചായിരുന്നു. അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, ഐശ്വര്യ റായ്, ജയ ബച്ചന് എന്നിവര്‍ പിറന്നാള്‍ ആഘോഷിക്കുന്നതിനായി രാജസ്ഥാന് തലസ്ഥാനമായ ജയ്പ്പൂരിലുള്ള ഒരു ഹോട്ടലിലെത്തിയിരുന്നു.
രജപുത്ര വംശജര്‍ ബച്ചന് കുടുംബം താമസിച്ചിരുന്ന ഹോട്ടലിലേക്ക് തള്ളിക്കയറുവാന്‍ ശ്രമിച്ചെങ്കിലും പൊലീസും ഹോട്ടല്‍ അധികൃതരും തടഞ്ഞു. ഇതിനു പുറമെ രജപുത്ര വംശജര്‍ ജോധാ അക്ബറിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. പനിമൂലം അമിതാഭ് ബച്ചന് ക്ഷീണിതനായിരുന്നു
അമിതാഭ് ബച്ചന് മഹാരാഷ്ട്രയേക്കാളും ജന്മനാടായ ഉത്തര്‍പ്രദേശിനോടാണ് കൂറെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറെ ആരോപിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ മുംബൈയില്‍ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.