പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഡല്‍ഹിലാണ് സംഭവം. അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തള്ളുകയും ചെയ്തു. നന്നേ പണിപ്പെട്ടാണ് പൊലീസ് അദ്ദേഹത്തെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ചത്.
ആസൂത്രണ കമ്മിഷന്‍ യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കൊപ്പം എത്തിയതായിരുന്നു മിത്ര. മമതയേയും മന്ത്രിയേയും തടയാന്‍ പ്രതിഷേധക്കാര്‍ ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. മമതയേയും പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് അവരെ ആസൂത്രണ കമ്മിഷന്‍ ആസ്‌ഥാനത്തേയ്‌ക്ക് എത്തിക്കുകയായിരുന്നു.
എസ്‌എഫ്‌ഐ നേതാവ് സുധീപ്‌തോ ഗുപ്‌ത പൊലീസ് സ്‌റ്റേഷനില്‍ മരിച്ചതിനെതിരെയായിരുന്നു പ്രതിഷേധക്കാരുടെ രോഷപ്രകടനം. പ്രതിഷേധിച്ചത് തെമ്മാടിക്കൂട്ടമാണെന്നും ഇടതിന്റെ ‘വൃത്തികെട്ട രാഷ്ട്രീയം‘ ബംഗാളില്‍ ഒരിക്കലും തിരിച്ചുവരില്ലെന്നും മമത പ്രതികരിച്ചു.