ഫ്ലാറ്റ് അഴിമതി: ചവാന്റെ ഭാവി തുലാസില്‍

Webdunia
ശനി, 30 ഒക്‌ടോബര്‍ 2010 (08:31 IST)
ആദര്‍ശ് ഹൌസിംഗ് സൊസൈറ്റി ഫ്ലാറ്റുകള്‍ ബന്ധുക്കള്‍ക്ക് നല്‍കി എന്ന ആരോപണത്തെ കുറിച്ച് വിശദീകരണം നല്‍കുന്നതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. അഴിമതിയില്‍ ചവാന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍ തന്നെ രാജി ആവശ്യപ്പെടുമെന്നാണ് സൂചന.

മഹാരാഷ്ട്രയിലെ കൊളാബയില്‍ സൈന്യത്തിന്റെ സ്ഥലത്ത് കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചവരുടെ വിധവകള്‍ക്കായി നിര്‍മ്മിച്ചതാണ് 31 നില ആദര്‍ശ് ഹൌസിംഗ് സൊസൈറ്റി ഫ്ലാറ്റുകള്‍. സൈന്യം ഇവിടെ ആറ് നില കെട്ടിടം പണിയാനിരിക്കെയാണ് സ്ഥലം ഹൌസിംഗ് സൊസൈറ്റിക്ക് നല്‍കിയതും പരിസ്ഥിതി, സുരക്ഷാ നിയമങ്ങള്‍ മറികടന്ന് 31 നില ഫ്ലാറ്റ് ഉയര്‍ന്നതും.

2002 ല്‍ റവന്യൂ മന്ത്രിയായിരിക്കെ, സൈന്യവുമായി ബന്ധമില്ലാത്ത തന്റെ ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ഫ്ലാറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചവാന്‍ ഹൌസിംഗ് സൊസൈറ്റിക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ചവാന്‍ ഭാര്യാ മാതാവ് ഉള്‍പ്പെടെയുള്ള 104 ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ഫ്ലാറ്റ് സംഘടിപ്പിച്ചു കൊടുത്തു എന്നാണ് ആരോപണം.

ആദര്‍ശ് സൊസൈറ്റി അഴിമതിയെ കുറിച്ച് സൈന്യവും അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായില്ല എങ്കിലും ഫ്ലാറ്റ് നിര്‍മ്മാണത്തിലും വിതരണത്തിലും വ്യാപക അഴിമതി കണ്ടെത്തിയെന്നാണ് സൂചന.