ഫൂലന്‍‌ദേവി, ചമ്പല്‍ക്കാടിന്റെ റാണി; എന്നാല്‍ കൊടിയ പീഡനങ്ങളുടെ മുറിവുണങ്ങാതെ ജീവന്‍ ബലിയര്‍പ്പിച്ച ധീരവനിത

Webdunia
വ്യാഴം, 25 ജൂലൈ 2013 (17:08 IST)
PTI
പേരുകേള്‍ക്കുമ്പോള്‍ തന്നെ വിറയ്ക്കും “ഫൂലന്‍ദേവി“ അതെ ചമ്പല്‍ക്കാടുകളെ വിറപ്പിച്ച കാടിന്റെ റാണി. കൊടിയ പീഡനങ്ങളില്‍ നിന്നും കാട്ടുകൊള്ളക്കാരിയായി പിന്നെ ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി മാറിയ എം‌പി, ഒടുവില്‍ ഒളിയമ്പ് പോലെ വന്ന ബുള്ളറ്റുകള്‍ക്ക് മുന്നില്‍ ജീവിതം നിലച്ച ഒരു ധീര വനിത.

ഉത്തര്‍പ്രദേശിലെ കുഗ്രാമമായ ഗോര്‍ഹാ കാ പുര്‍വ്വയിലെ ദളിത് കുടുംബത്തിലാണ് ഫൂലന്‍ദേവി ജനിച്ചത്. പിതാവ് ഗ്രാമത്തിലെ വള്ളക്കാരനായിരുന്നു. ജാതി വ്യവസ്ഥകള്‍ നിലനിന്നിരുന്ന ആ കാലത്ത് ഒരു ശരാശരി ദളിത് കുടുംബം അനുഭവിച്ചിരുന്ന യാദനകള്‍ ഫൂലന്‍ ദേവിയുടെ കുടുംബത്തിനെയും വേട്ടയാടിയിരുന്നു.

ഏറെ മനോഹരമായ ആ ഗ്രാമം മുതലാളിത്ത വര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകളില്‍ പൊറുതിമുട്ടിയിരുന്നു. ഗ്രാമത്തില്‍ കൂടുതലും ടാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട മുതലാളിത്ത വര്‍ഗങ്ങളായിരുന്നു. ചെറുപ്പത്തില്‍ത്തന്നെ ഫൂലന്‍‌ദേവിയെ മാതാപിതാക്കള്‍ ഉയര്‍ന്ന ജാതിക്കാരെ എങ്ങനെ ബഹുമാനിക്കണമെന്ന് പഠിപ്പിച്ചിരുന്നു. ടാക്കൂര്‍ എന്ത് പറഞ്ഞാലും ചെയ്യണമെന്നായിരുന്നു ആ പാവങ്ങള്‍ കുഞ്ഞു ഫൂലനെ പഠിപ്പിച്ചത്.

ബാല്യത്തിന്റെ കുസൃതികള്‍ മാറുന്നതിന് മുന്‍പ് തന്നെ കുഞ്ഞു ഫൂലനെ തന്റെ പിതാവാകാന്‍ പ്രായമുള്ള ഒരാള്‍ക്ക് കല്യാണം കഴിപ്പിച്ച് കൊടുക്കുവാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഒരു പാട് നിറമാര്‍ന്ന സ്വപ്നങ്ങള്‍ കണ്ടിരുന്ന ആ മനസ് ഒടുവില്‍ മാതാപിതാക്കളുടെ ആഗ്രഹത്തിന് വഴങ്ങുകയായിരുന്നു. അതോടെ കുഞ്ഞു ഫൂലന്‍ വിവാഹിതയായി.

എന്നാല്‍ ഫൂലന്‍‌ദേവിക്ക് ഭര്‍തൃവീട്ടില്‍ നിന്നും സ്നേഹമോ സംരക്ഷണമോ അല്ല ലഭിച്ചിരുന്നത് മറിച്ച് വേദനയും ഭര്‍ത്താവിന്റെ കൊടിയ മര്‍ദ്ദനങ്ങളും. പലപ്പോഴും ആഹാരത്തിന് വേണ്ടി ആ പാവം ചാണകം മെഴുകിയ ചുവരുകള്‍ക്കുള്ളില്‍ ഉച്ചത്തില്‍ കരയുമായിരുന്നു. ഇതേ രീതിയില്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ ഫൂലന്‍‌ദേ‌വി ഭര്‍ത്താവിന്റെ വീട്ടില്‍ കഴിഞ്ഞു.

PTI
ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും പലതവണ ഓടിപ്പോകുവാന്‍ ഫൂലന്‍‌ദേവി ശ്രമിച്ചു, എന്നാല്‍ ഫലം പരാജയമായിരുന്നു കൂടാതെ കൊടിയ മര്‍ദ്ദനവും. ഒടുവില്‍ ഭര്‍ത്താവ് ഫൂലന്‍‌ദേവിയെ പിതാവിന്റെ പക്കലിലേക്ക് അയക്കുവാന്‍ തീരുമാനിച്ചു. സ്വന്തം വീട്ടിലെത്തിയിട്ടും പ്രശ്നങ്ങള്‍ തീര്‍ന്നില്ല, കാരണമില്ലാത്ത മോഷണകുറ്റത്തിന് ഫൂലന്‍‌ദേവിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഒരു മാസം ജയില്‍ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.

ബന്ധുവിന്റെ വീട്ടില്‍ മോഷണം നടത്തിയെന്നതായിരുന്നു ഫൂലന്‍‌ദേവിക്കെതിരെയുള്ള കുറ്റം. ജയില്‍ മോചിതയായി നാട്ടില്‍ തിരിച്ചെത്തിയ ഫൂലനെ പക്ഷേ നാ‍ട്ടുകാരോ ഗ്രാമവാസികളോ സ്വീകരിച്ചില്ല, അവര്‍ ഫൂലന്‍‌ദേവിയെ ഒന്നിച്ചുചേര്‍ന്നു വര്‍ജിക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ഫൂലന്‍‌ദേവിയെ ഒരു കൂട്ടം മോഷ്ടാക്കള്‍ ചമ്പല്‍ക്കാടുകളിലേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

അന്നത്തെ ഏറ്റവും വലിയ കൊള്ളക്കാരനായ ബാബു സിംഗാണ് ഫൂലന്‍‌ദേവിയെ കടത്തിക്കൊണ്ടു പോയത്. ബാബു സിംഗ് ഫൂലന്‍‌ദേവിയെ ചമ്പല്‍ക്കാടുകളില്‍ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുകൊണ്ടിരുന്നു. എന്നാല്‍ സംഘത്തിലൊരാളായ വിക്രം എന്ന കൊള്ളക്കാരനുമായി ഫൂലന്‍‌ദേവി അടുപ്പത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ രണ്ട് പേരും യോജിച്ച് ചമ്പല്‍‌ക്കല്‍ക്കാട്ടിലെ മികച്ച കൊള്ളക്കാരായി.

എന്നാല്‍ ഇവരുടെ പ്രവര്‍ത്തനത്തില്‍ വിയോജിപ്പുണ്ടായിരുന്ന മറ്റ് സംഘത്തിലെ ശ്രീരാം, ലാല രാം എന്നിവര്‍ ഫൂലന്‍‌ദേവിയെ അവിടെ നിന്നും തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവര്‍ ഫൂലന്‍‌ദേവിയുടെ കാമുകനായ വിക്രത്തിനെയും മറ്റ് സഹപ്രവര്‍ത്തകരെയും വെടിവെച്ച് കൊല്ലുകയും ചെയ്തു. ഫൂലന്‍‌ദേവിയെ കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയത് തൊട്ടടുത്തുള്ള ഗ്രാമമായ ബേഹ്മൈയിലേക്കായിരുന്നു.

എന്നാല്‍ ഗ്രാമത്തില്‍ ഫൂലന്‍‌ദേവിയെ കാത്തിരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. തട്ടിക്കൊണ്ട് പോയവര്‍ ഫൂലന്‍‌ദേവിയെ ക്രൂരമായി ബലത്സംഗം ചെയ്തു, ഇവര്‍ക്ക് പുറമെ ഗ്രാമത്തിലുള്ള മറ്റ് മുതിര്‍ന്ന നേതാക്കളും ഫൂലന്‍‌ദേവിയുടെ ശരീരത്തെ പിച്ചിചീന്തി. തുടര്‍ച്ചയായി മൂന്ന് ആഴ്ചകള്‍ ഫൂലന്‍‌ദേവിക്ക് തന്റെ ശരീരത്തെ മറ്റുള്ളവരുടെ മുന്നില്‍ അടിയറവ് വെയ്ക്കേണ്ടി വന്നു.

PTI
മൂന്നാഴ്ചകള്‍ക്ക് ശേഷം ഫൂലന്‍‌ദേവി എങ്ങനെയോ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തിരിച്ച് തനിക്ക് പരിചയമുള്ള ജീവിച്ചിരിക്കുന്ന സഹപ്രവര്‍ത്തകരുടെ അടുത്തേക്കാണ് ഫൂലന്‍‌ദേവി ചെന്നത്. തനിക്ക് സംഭവിച്ച ദുരവസ്ഥ വിവരിച്ച ഫൂലന്‍‌ദേവി പ്രതികാരം ചെയ്യണമെന്ന് തീരുമാനിച്ചു.

തന്റെ സഹപ്രവര്‍ത്തകരുമായി ബേഹ്മൈ ഗ്രാമത്തില്‍ എത്തിയ ഫൂലന്‍‌ദേവി ശ്രീരാം, ലാല രാം എന്നിവരെയും കൂടാതെ ഇവരോടൊപ്പം തന്നെ പീഡിപ്പിച്ച മറ്റുള്ളവരെയും തോക്കിനിരയാക്കുകയായിരുന്നു. ഫൂലന്‍‌ദേവി തന്റെ ക്രോധം തീര്‍ത്തത് 22 കാമഭ്രാന്തന്‍‌മാരെ വെടിവെച്ച് കൊന്നായിരുന്നു. ഇത് പിന്നീട് ബേഹ്മൈ കൂട്ടക്കൊല എന്നറിയപ്പെട്ടു.

തുടര്‍ന്ന് ഫൂലന്‍‌ദേവി കാടിന്റെയും നാടിന്റെയും പേടി സ്വപ്നമായി മറി. തുടര്‍ന്ന് രാജ്യത്ത് ഉടനീളം ഫൂലന്‍‌ദേവിയുടെ പേര് മുഴങ്ങുവാന്‍ തുടങ്ങി. കാരണം രാജ്യത്തെ ആദ്യത്തെ വനം കൊള്ളക്കാരിയായി അവര്‍ മാറിയിരുന്നു. എന്നാല്‍ നാള്‍വഴിയെ അവര്‍ക്ക് പൊലീസിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ഫൂലന്‍‌ദേവിക്കെതിരെ പൊലീസ് 30 കൊലപാതക കേസടക്കം നിരവധി കേസുകളായിരുന്നു. എന്നാല്‍ അതിശയമെന്നോണം ഫൂലന്‍‌ദേവിക്കെതിരെയുള്ള എല്ലാം കേസുകളും കോടതി തള്ളിക്കളയുകയായിരുന്നു.

തുടര്‍ന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ഫൂലന്‍‌ദേവി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തുടക്കത്തില്‍ പരാജയമായിരുന്നു ഫൂലന്‍‌ദേവിക്ക് ലഭിച്ചത്. നിയമസഭാംഗമായ ഉമദ് സിംഗിനെ വിവാഹം കഴിച്ചതിനുശേഷമാണ് ഫൂല‌ന്‍‌ദേവിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1996ല്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മിസാര്‍പുര്‍ മണ്ഡലത്തില്‍ നിന്നും ഫൂലന്‍ദേവി ആദ്യ വിജയം കൈവരിക്കുകയായിരുന്നു. 1998ല്‍ ബിജെപി സ്ഥാനാര്‍ത്ഥി ഫൂലന്‍‌ദേവിയെ പരാജപ്പെടുത്തിയെങ്കിലും 1999ല്‍ അവര്‍ തന്റെ പദവി തിരിച്ചെടുക്കുകയായിരുന്നു.

എന്നാല്‍ 2001ല്‍ ഫൂലന്‍‌ദേവിക്ക് മരണത്തോട് കീഴടങ്ങേണ്ടിവന്നു. വീട്ടില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോകാനിറങ്ങവെ അഞ്ജരായ മൂന്ന് അക്രമികള്‍ ഫൂലന്‍‌ദേവിയെ വെടിവെയ്ക്കുകയായിരുന്നു. ഒളിവില്‍ ഇരുന്നായിരുന്നു ആക്രമണം നടത്തിയത്. അതോടെ ഇല്ലാതായത് കൊടിയ പീഡനങ്ങള്‍ സഹിച്ച് ജീവിതത്തിനോട് പോരാടിയ ഒരു ധീരവനിതയുടെ യുഗമായിരുന്നു.