ഡീസലിന് പകരം വാഹനത്തില്‍ പച്ചവെള്ളം അടിച്ചു നല്‍കിയ ഫുട്‌ബോള്‍താരം ബൈച്ചുംഗ് ബൂട്ടിയയുടെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പിന്റെ മാനേജരെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്തു.
ബംഗാളിലെ മാല്‍ഗുഡിയിലുള്ള പമ്പിലെ മാനേജര്‍ സഞ്ജയ് സെന്‍ ഗുപ്ത, ജീവനക്കാരനായ സുജിത് ദാസ് എന്നിവരെയാണ് പ്രധാന്‍നഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പമ്പില്‍ നിന്നും ഇന്ധനം നിറച്ചശേഷം യാത്ര തുടര്‍ന്ന ഇവരുടെ വാഹനം വഴിയില്‍ നിന്നുപോയതിനെത്തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഡ്രൈവര്‍ പൊലീസിന് മുന്‍പാകെ നടത്തിയ പരിശോധനയില്‍ ഡീസലിനു പകരം വാഹനത്തില്‍ നിറച്ചത് പച്ചവെള്ളമാണെന്ന് കണ്ടെത്തുകയായിരുന്നു. ഡീസലടിച്ച ട്രക്ക് ഡ്രൈവര്‍മാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാനേജരെയും ജീവനക്കാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.