പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥിനിയുടെ കുപ്പായമഴിപ്പിച്ചു!

Webdunia
വെള്ളി, 4 ഫെബ്രുവരി 2011 (16:46 IST)
PRO
കോളജ് പ്രിന്‍സിപ്പല്‍ ഡന്റല്‍ വിദ്യാര്‍ത്ഥിനിയോട് മേല്‍ക്കുപ്പായത്തിന്റെ സിബ്ബ് അഴിക്കാന്‍ ആവശ്യപ്പെട്ടതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുന്നു. പഞ്ചാബ് സര്‍വകലാശാലയിലെ ഒരു ഡെന്റല്‍ കോളേജിലാണ് സംഭവം അരങ്ങേറിയത്.

പുള്ളോവറിനടിയില്‍ 'ഐ ലൌ ന്യൂയോര്‍ക്ക്' എന്ന് പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട് ധരിച്ചായിരുന്നു പെണ്‍കുട്ടി കോളജില്‍ എത്തിയത്. പുള്ളോവര്‍ അഴിച്ച് ടീ ഷര്‍ട്ടിലെ പ്രിന്റിംഗ് കാണിക്കണമെന്ന് പ്രിന്‍സിപ്പല്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ത്ഥിനി അതിന് വിസമ്മതിച്ചെങ്കിലും നിര്‍ബന്ധപൂര്‍വം പുള്ളോവര്‍ അഴിപ്പിച്ചു എന്നാണ് ആരോപണം.

എച്ച് എസ് ജഡ്ജ് ഇന്‍സ്‌റ്റിട്ട്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസ് പ്രിന്‍സിപ്പല്‍ ജി കെ ഗോബയാണ് ആരോപണവിധേയന്‍.

എന്നാല്‍, പെണ്‍കുട്ടിയുടെ വസ്ത്രധാരണം മാന്യമായ രീതിയിലായിരുന്നില്ലെന്നും ഇതു പാടില്ലെന്നു താന്‍ നിര്‍ദ്ദേശിക്കുക മാത്രമേ താന്‍ ചെയ്തുള്ളൂ എന്നും അധ്യാപകന്‍ വാദിക്കുന്നു.

ഇതേ വിദ്യാര്‍ത്ഥിനിയോട് മുമ്പും പ്രിന്‍സിപ്പല്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്ന് സഹപാഠികളും അധ്യാപകരും ആരോപിക്കുന്നു. വഴിവിട്ട പെരുമാറ്റത്തിന് തെളിവുകള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിന്റെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.