പ്രധാനമന്ത്രി വിലക്കി; വയലാര്‍ രവിയുടെ വിദേശയാത്ര മുടങ്ങി

Webdunia
ശനി, 8 ഒക്‌ടോബര്‍ 2011 (18:12 IST)
PRO
PRO
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഇരുപത്തിനാലോളം വിദേശയാത്രകള്‍ പ്രധാനമന്ത്രി ഡോ മന്‍‌മോഹന്‍ സിംഗ് ഇടപെട്ട് റദ്ദാക്കി. വയലാര്‍ രവി അടക്കമുള്ള കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകള്‍ക്കാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി അനുമതി നിഷേധിച്ചത്.

ചെലവു ചുരുക്കുന്നതിന്‍റെ ഭാഗമായാണു പ്രധാനമന്ത്രിയുടെ നടപടി. 2010ല്‍ പത്തും 2011ല്‍ പതിനാലും അപേക്ഷകളാണ് പ്രധാനമന്ത്രി നിരസിച്ചത്. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണു ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായത്.

യു എസ്, ടൊറൊന്റോ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി നല്‍കിയ അപേക്ഷയാണ് പ്രധാനമന്ത്രി നിരസിച്ചത്. ഫറൂഖ് അബ്ദുള്ള, സല്‍മാന്‍ ഖുര്‍ഷിദ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, ജയറാം രമേശ്, കുമാരി ഷെല്‍ജ, എം എസ് ഗില്‍, സുബോധ് കാന്ത് സഹായ്, അജയ് മാക്കന്‍ എന്നിവരുടെ വിദേശയാത്രയ്ക്കും പ്രധാനമന്ത്രി അനുമതി നിഷേധിച്ചു.