ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍ കെ അദ്വാനി തള്ളിക്കളഞ്ഞു. അഹമ്മദാബാദില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്വാനി.
മോഡിയെ ഭാവി പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. പാര്‍ട്ടിയില്‍ രണ്ടാം നിര ശക്തമാണെന്ന കാര്യത്തില്‍ തനിക്ക് അഭിമാനമുണ്ടെന്നും അദ്വാനി പറഞ്ഞു. മോഡിക്കെതിരെ അന്വേഷണം നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് പാര്‍ട്ടിക്ക് തിരിച്ചടിയല്ല.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധിയെ മാനിക്കുന്നുവെന്നും അദ്വാനി പറഞ്ഞു. സീനിയര്‍ നേതാക്കളായ അരുണ്‍ ഷൂരി, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, യശ്വന്ത് സിന്‍ഹ എന്നിവര്‍ മോഡിയായിരിക്കും അദ്വാനിയുടെ പിന്‍ഗാമിയെന്ന് നേരത്തെ പ്രസ്താവിച്ചിരുന്നു.