പ്രണബ് ഒഴിയുന്നു, പിന്‍‌ഗാമി അനിശ്ചിതത്വത്തില്‍

Webdunia
ശനി, 23 ജൂണ്‍ 2012 (15:43 IST)
PRO
PRO
കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ഞായറാഴ്ച രാജിവയ്ക്കും. അദ്ദേഹത്തെ യു പി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് രാജി. ജൂണ്‍ ഇരുപത്തെട്ടിന് പ്രണബ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. എന്നാല്‍ പ്രണബിന്റെ പിന്‍‌ഗാമിയായി ആര് വരുമെന്ന് കോണ്‍ഗ്രസ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.

പ്രണബിന്റെ പിന്‍‌ഗാമിയായി ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മോണ്ടേക് സിംഗിനെ കൊണ്ടുവരാനാണ് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്റെ നീക്കം. എന്നാല്‍ അലുവാലിയയോട് കോണ്‍ഗ്രസിലെ പലര്‍ക്കും യോജിപ്പില്ലാത്ത സാഹചര്യത്തില്‍ സര്‍വ്വ സമ്മതനായ ഒരാളെയാണ് കോണ്‍ഗ്രസ് തിരയുന്നത്. 2014ല്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ടതിനാല്‍ അടുത്ത രണ്ട് വര്‍ഷം ജനപ്രിയ ബജറ്റുകളായിരിക്കും യു പി എ സര്‍ക്കാര്‍ അവതരിപ്പിക്കുക. ഇതിന് പ്രാപ്തിയുള്ള ഒരാള്‍തന്നെ ധനമന്ത്രിയാകണമെന്ന് യു പി എ അധ്യക്ഷ സോണിയാ ഗാന്ധിക്ക് നിര്‍ബന്ധമുണ്ട്.

പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേഷ്ടാവ്‌ ഡോ സി രംഗരാജന്റെ പേരും പരിഗണിക്കുന്നുണ്ട്. അതേസമയം, മന്ത്രിസഭ പുനഃസംഘടന വരെ മന്‍‌മോഹന്‍ സിംഗ് ധനവകുപ്പ് കൈകാര്യം ചെയ്യുമെന്നാണ് വിവരം.