പോലീസ് സേനയുടെ സമഗ്രപരിഷ്കാരം ലക്‌ഷ്യമിട്ട് സുപ്രീംകോടതി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ തള്ളി. പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനങ്ങളും സ്ഥാനക്കയറ്റവും പ്രത്യേകബോര്‍ഡിന് കൈമാറണമെന്ന സുപ്രീംകോടതി നിര്‍ദേശം ആണ് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരുമിച്ച് നിരസിച്ചിരിക്കുന്നത്.
നിയമനം, സ്ഥലംമാറ്റം, സ്ഥാനക്കയറ്റം എന്നീ കാര്യങ്ങളില്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഉത്തരവ് നിരസിച്ചവര്‍ വ്യക്തമാക്കിയിരിക്കുന്നു. പൊലീസ് പരിഷ്കരണത്തിനായുള്ള സുപ്രീംകോടതിയുടെ ഏഴ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ നിയോഗിച്ച ജസ്റ്റിസ് കെ ടി തോമസ് കമ്മീഷനെയാണ് സംസ്ഥാനങ്ങള്‍ ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനങ്ങളുടെ അഭിപ്രായ സമന്വയത്തിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ടി തോമസ് കമ്മറ്റി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഡി വൈ എസ് പി റാങ്കില്‍ താഴെയുള്ളവരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും റിട്ടയര്‍ഡ് ഹൈക്കോടതി ജഡ്ജിയും പ്രതിപക്ഷ നേതാവും രാഷ്ട്രീയമില്ലാത്ത രണ്ടു പ്രമുഖ വ്യക്‌തികളുമടങ്ങിയ പാനലിന് വിടണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഡിജിപിയുടെ നിയമനം കുറഞ്ഞത് രണ്ടു വര്‍ത്തേയ്ക്കെങ്കിലും ആയിരിക്കണമെന്നതായിരുന്നു നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്. ഈ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ പൂര്‍ണമായി തള്ളുകയായിരുന്നു.