പുതിയ ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; ജയം ഉറപ്പിച്ച് വെങ്കയ്യ നായിഡു, പ്രതീക്ഷ കൈവെടിയാതെ ഗോപാല്‍ കൃഷ്ണ ഗാന്ധി

Webdunia
ശനി, 5 ഓഗസ്റ്റ് 2017 (07:44 IST)
രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയെ കണ്ടെത്താനുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ നടക്കും. പാർലമെന്റിൽ തയ്യാറാക്കിയ പ്രത്യേക പോളിംഗ് ബൂത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. എന്‍ഡിഎ സ്ഥാനാര്‍ഥി എം വെങ്കയ്യ നായിഡു ജയം ഉറപ്പിച്ചു കഴിഞ്ഞു. മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. വൈകുന്നേരം ഏഴു മണിയോടെയാകും ഫലപ്രഖ്യാപനവുമുണ്ടാകുക.
 
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി പാർലമെന്റ് അംഗങ്ങൾക്ക് മാത്രമായിരിക്കും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുണ്ടായിരിക്കുക. ഇരു സഭകളിലെയും നോമിനേറ്റഡ് അംഗങ്ങൾക്കും വോട്ടു ചെയ്യാന്‍ സാധിക്കും. ഇരു സഭകളിലുമായി 787 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്.

ഈ അംഗങ്ങളില്‍ നിന്ന് ഏകദേശം അഞ്ഞൂറോളം വോട്ടാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയെ പിന്തുണച്ച ജനതാദൾ (യു)വും ബിജെഡിയും ഈ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിനൊപ്പമാണ്. 
Next Article