കേരളത്തിന് പിന്നാലെ കര്‍ണാടകയിലും ഓടുന്ന ട്രെയിനില്‍ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം അരങ്ങേറി. പീഡനം തടയാന്‍ ശ്രമിച്ച 19-കാരിയെ രോഷാകുലരായ അക്രമികള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞു. ഗുരുതരാമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
യശ്വന്ത്‌പൂര്‍-മൈസൂര്‍ എക്സ്പ്രസിലാണ് സംഭവം ഉണ്ടായത്. ട്രെയിന്‍ മധുറിനു സമീപം എത്തിയപ്പോഴാണ് നാലംഗ സംഘം പീഡനശ്രമം നടത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇത് എതിര്‍ത്തു. തുടര്‍ന്ന് ഷിംഷ നദിക്ക് കുറുകെയുള്ള കൊള്ളി പാലത്തില്‍ ട്രെയിന്‍ എത്തിയപ്പോള്‍ ഇവര്‍ പെണ്‍കുട്ടിയെ എടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു. നദിയിലേക്കാണ് പെണ്‍കുട്ടി ചെന്ന് വീണത്. എന്നാല്‍ നദി വറ്റിവരണ്ടിരിക്കുകയായിരുന്നു.
ട്രെയിനിലെ ഒരു യാത്രക്കാരനാണ് സംഭവം പൊലീസില്‍ അറിയിച്ചത്. 25 അടി താഴ്ചയില്‍ വീണ പെണ്‍കുട്ടിയെ ഗുരുതരമായ പരുക്കുകളോട് മാണ്ഡ്യ മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നട്ടെല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീരത്തില്‍ ആഴത്തില്‍ മുറിവുകളുണ്ട്.
സംഭവം നടക്കുമ്പോള്‍ ട്രെയിനിലെ മറ്റ് യാത്രക്കാര്‍ ആരും തന്നെ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല എന്ന് ആരോപണമുണ്ട്. പീഡനശ്രമവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.