പിന്തുണ പിന്‍‌വലിക്കില്ലെന്ന് മുലായം

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (19:45 IST)
PRO
PRO
കേന്ദ്ര സര്‍ക്കാരിന് പുറത്തുനിന്ന് സമാദ് വാദി പാര്‍ട്ടി നല്‍കുന്ന പിന്തുണ പിന്‍‌വലിക്കില്ലെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ നടക്കുമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് പറഞ്ഞു. എന്നാല്‍ സര്‍ക്കാരിനുള്ള പിന്തുണ ഇപ്പോള്‍ പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ മുലായത്തെ അനുനയിപ്പിക്കാനായി ഉത്തര്‍പ്രദേശിന്‍റെ വിസകനത്തിന് എല്ലാ സഹായവും ധനമന്ത്രി പി ചിദംബരം വാഗ്ദാനം ചെയ്തു. യു പി എ സര്‍ക്കാരുമായി സമാജ് വാദി പാര്‍ട്ടി അകലുന്നു എന്ന സൂചനയാണ് മുലായം സിംഗ് യാദവ് ഒരു റാലിയില്‍ പങ്കെടുക്കവേ നല്കിയത്. കോണ്‍ഗ്രസ് വിശ്വസിക്കാവുന്ന പാര്‍ട്ടിയല്ലെന്ന് മുലായം സിംഗ് പറഞ്ഞു. നവംബറില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നും മുലായം സിംഗ് പറഞ്ഞു. അതേസമയം സര്‍ക്കാരിനുള്ള പിന്തുണ ഇപ്പോള്‍ പിന്‍വലിക്കില്ലെന്ന് പിന്നീട് ഒരു അഭിമുഖത്തില്‍ മുലായം വ്യക്തമാക്കി.

മുലായത്തിന്‍റെ ഭീഷണി വന്നയുടന്‍ ധനമന്ത്രി പി ചിദംബരം ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചത് ശ്രദ്ധേയമായി. മുഖ്യമന്ത്രി അഖിലേഷ് മികച്ച രീതിയിലാണ് ഭരണം തുടങ്ങിയതെന്നും വികസനത്തിന് എല്ലാ സഹായവും നല്കുമെന്നും ചിദംബരം പറഞ്ഞു. അതേസമയം യു പി എ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മ്മിക അവകാശമില്ലെന്നായിരുന്നു ബി ജെ പി വ്യക്താവ് രവിശങ്കര്‍ പ്രസാദിന്റെ പ്രതികരണം. എന്നാല്‍ സര്‍ക്കാര്‍ താഴെ വീഴുമെന്ന് കരുതുന്നില്ലെന്ന് എന്‍ ഡി എ കണ്‍വീനറും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ ശരദ് യാദവ് പറഞ്ഞു. മൂന്നാം വട്ടവും പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ആ പാലം എത്തിച്ചേരുമ്പോള്‍ കടക്കാം എന്നാണ് ഇന്നലെ പ്രധാനമന്ത്രി പ്രതികരിച്ചത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കണം എന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയരുമ്പോഴാണ് ഈ സ്ഥാനത്ത് താന്‍ വീണ്ടും എത്താനുള്ള സാധ്യതകള്‍ മന്‍മോഹന്‍സിംഗ് നിരാകരിക്കാത്തത്.