പാര്‍ലമെന്റിനു സമീപം ബൈക്കില്‍ അഭ്യാസം നടത്തിയ യുവാവ് വെടിയേറ്റു മരിച്ചു

Webdunia
ഞായര്‍, 28 ജൂലൈ 2013 (14:35 IST)
PRO
പാര്‍ലമെന്റിനു സമീപം ബൈക്ക് അഭ്യാസം നടത്തുന്നത് തടയാനായി പൊലീസ് നടത്തിയ വെടിവെപ്പില്‍ യുവാവ് മരിച്ചു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ബൈക്കിലുണ്ടായിരുന്ന മറ്റൊരു യുവാവിന് പരിക്കേറ്റിട്ടുണ്ട്.

കരണ്‍ പാണ്ഡെ (19) എന്നയാളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ രണ്ടു മണിയോടെ ഗോള്‍ ദക് ഖാനയിലാണ് സംഭവം. ബൈക്കുകളിലെത്തിയ മുപ്പതോളം വരുന്ന സംഘം പാര്‍ലമെന്റിനു സമീപം വിന്‍സെര്‍ ലെയ്‌നില്‍ അപകടരമായ വിധത്തില്‍ ബൈക്ക് ഓടിച്ചത് പൊലീസ് ചോദ്യം ചെയ്തു.

ഇതുവഴി കാറിലെത്തിയവരെ ബൈക്ക് അഭ്യാസികള്‍ പിന്തുടരുന്നതായി പരാതി കിട്ടിയതിനെതുടര്‍ന്നാണ് പൊലീസ് കണ്‍ട്രോള്‍ റൂം കാര്‍ എത്തിയത്. ബെക്ക് അഭ്യാസികള്‍ പൊലീസിനുനേരെ കല്ലെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

ബൈക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട് പൊലീസ് ആകാശത്തേക്ക് വെടിവെച്ചെങ്കിലും അഭ്യാസികള്‍ നിര്‍ത്താതെപൊയി. തുടര്‍ന്ന് വെടിവെച്ച് ബൈക്കിന്റെ ടയര്‍ പഞ്ചറാക്കാന്‍ ശ്രമിക്കുന്നതിനിടെ പിറകിലിരുന്ന കിരണ്‍പാണ്ഡെയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.

ഇയാളെ രാം മനോഹര്‍ ലോഹ്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്ക് ഓടിച്ചിരുന്ന പുനിത് ശര്‍മ്മ ആസ്പത്രിയില്‍ ചികിത്സയിലാണ്. കല്ലേറില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു.