കശ്മീരില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറി രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത പാകിസ്ഥാന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിരോധമന്ത്രി എ കെ ആന്റണി. പാക് സൈനികരുടെ നടപടി പ്രകോപനപരവും പൈശാചികവുമാണെന്ന് ആന്റണി പറഞ്ഞു.
പ്രതിഷേധം പാകിസ്ഥാനെ അറിയിക്കുമെന്നും ആന്റണി പറഞ്ഞു. വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആരോപണം.
ഇന്ത്യന്‍ സൈനികരെ നിഷ്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തെ വിദേശകാര്യമന്ത്രാലയം അപലപിച്ചു. പാക് സൈന്യത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. സൈനികന്റെ തല വെട്ടിമാറ്റി മൃതദേഹം വികൃതമാക്കിയ നടപടി അംഗീകരിക്കാനാകാത്തതാണെന്നും വെടിനിര്‍ത്തല്‍ കരാറിന്റെ വിശ്വസ്തത പാകിസ്ഥാന്‍ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ച് ജില്ലയില്‍ മെന്ദര്‍ സെക്ടറില്‍ നിയന്ത്രണരേഖയോടു ചേര്‍ന്ന് പട്രോളിംഗ് നടത്തുന്നതിനിടെയാണ് ലാന്‍സ് നായിക്കുമാരായ ഹേംരാജ്, സുധാകര്‍ സിംഗ് എന്നിവരെ പാക് സൈന്യം ആക്രമിച്ച് കൊലപ്പെടുത്തിയത്.