പാകിനോടുള്ള സമീപനത്തില്‍ അയവില്ല: സിംഗ്

Webdunia
ബുധന്‍, 29 ജൂലൈ 2009 (19:17 IST)
PTI
PTI
പാകിസ്ഥാനോടുള്ള ഇന്ത്യന്‍ സമീപനത്തില്‍ അയവൊന്നുമില്ല എന്നും ഇന്ത്യയ്ക്കെതിരെയുള്ള ഭീകരത അവസാനിപ്പിക്കാതെ രാജ്യവുമായി അര്‍ത്ഥവത്തായ ചര്‍ച്ച നടത്തില്ല എന്നും പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞു.

സമാധാനപരമായ ഒരു ഭാവിക്ക് വേണ്ടി ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച നടത്തേണ്ടതുണ്ട്. എന്നാല്‍, ഇന്ത്യയ്ക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടാവില്ല. ഇന്തോ-പാക് സംയുക്ത പ്രസ്താവനയെ കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായി സിംഗ് പറഞ്ഞു.

പാകിസ്ഥാന്‍ മണ്ണില്‍ ഇന്ത്യയ്ക്കെതിരെയുള്ള ഭീകരവാദം പ്രോത്സാഹിപ്പിച്ചാല്‍, ഇന്ത്യയിലെ ഒരു സര്‍ക്കാരിനും പാകിസ്ഥാനുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ കഴിയില്ല. ഇക്കാര്യം ഈജിപ്തില്‍ വച്ച് ഗീലാനിയെ അറിയിച്ചതായും സിംഗ് പറഞ്ഞു.

ഭീകരതയ്ക്കെതിരെയുള്ള പാകിസ്ഥാന്റെ പ്രതിജ്ഞ പാലിക്കപ്പെട്ടാല്‍ സമാധാനം പുലരുമെന്നു പറഞ്ഞ സിംഗ് ഇന്ത്യയുടെ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല എന്ന് ലോക്സഭയെ അറിയിച്ചു. വാജ്പേയിയും മുഷറഫും ചേര്‍ന്ന് നടത്തിയ സംയുക്ത പ്രസ്താവനയുടെ അടിസ്ഥാനത്തില്‍, ഇന്ത്യയ്ക്കെതിരെയുള്ള ഭീകരപ്രവര്‍ത്തനം പാക് മണ്ണില്‍ അനുവദിക്കില്ല എന്ന പ്രതിജ്ഞ പാലിക്കുമെന്നാണ് ഇന്ത്യ കരുതുന്നത്.

ബലൂചിസ്ഥാന്‍ സംബന്ധിച്ച ഒരു രേഖയും പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല എന്ന് സിംഗ് വ്യക്തമാക്കി.

ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയുമായി പങ്ക് വയ്ക്കുന്നത്. ആദ്യമായാണ് സ്വന്തം പൌരന്മാര്‍ ഭീ‍കരാക്രമണത്തില്‍ പങ്കാളികളാണെന്ന് പാകിസ്ഥാന്‍ സമ്മതിക്കുന്നത്. ഇക്കാര്യത്തില്‍ യുപി‌എ സര്‍ക്കാര്‍ എന്‍ഡി‌എ സര്‍ക്കാരിനെക്കാള്‍ മുമ്പിലെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.