പ്രമുഖ ഒഡിഷി നര്‍ത്തകിയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ ഇലീന സിറ്റാറിസ്റ്റിയ്ക്ക് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ജീവനക്കാരില്‍ നിന്ന് മര്‍ദ്ദനമേറ്റു. ക്ഷേത്രത്തിലെ വിശുദ്ധ രഥത്തിലെ വിഗ്രഹം ദര്‍ശിക്കാന്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത് നിരസിച്ചതിനാണ് ഇലീനയെ ക്ഷേത്ര പരിചാരകര്‍ മര്‍ദ്ദിച്ചത്.
ഇലീനയും സുഹൃത്തും കൂടി ഇന്നലെ ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോളാണ് സംഭവം നടന്നത്. ഭഹുതി യാത്രയ്ക്ക് ശേഷം ക്ഷേത്രത്തിന് മുന്നില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്തുന്നതിനായി വിഗ്രഹം സ്ഥാപിച്ചിരിക്കുകയായിരുന്നു. വിഗ്രഹം ദര്‍ശിക്കുന്നതിന് മുന്നോടിയായി പൂജാരിക്ക് 20 രൂപ വീതം നല്‍കിയെന്ന് ഇലീന പറയുന്നു.
വിശുദ്ധ രഥത്തിന് ഉള്ളിലേക്ക് പ്രവേശിച്ച ഇവരോട് 1000 രൂപ വീതം നല്‍കാന്‍ പരിചാരകര്‍ ആവശ്യപ്പെട്ടു. പൈസ നല്‍കാന്‍ വിസ്സമതിച്ചതോടെയാണ് പരിചാരകര്‍ മോശമായി പെരുമാറിയതെന്നും മര്‍ദ്ദിച്ചതെന്നും ഇലീന പറഞ്ഞു. തുടര്‍ന്ന് വിദേശി എന്ന് ആക്രോശിച്ച ഇയാള്‍ തങ്ങളെ വിഗ്രഹം കാണാന്‍ അനുവദിച്ചില്ലെന്നും പറഞ്ഞു.
ഇറ്റലിയില്‍ ജനിച്ച ഇലീന 1979 മുതല്‍ ഒറീസയിലാണ് കഴിഞ്ഞ് വരുന്നത്. ഒഡീസി നൃത്തതിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം ഇവര്‍ക്ക് പത്മശ്രീ നല്‍കി ആദരിച്ചു. അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുള്ള ക്ഷേത്രമാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. വിദേശികളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുന്‍പും ഇവിടെ നിരവധി പ്രശ്‌നങ്ങള്‍ നടന്നിട്ടുണ്ട്.
ഇലീന ക്ഷേത്ര അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പരാതിയിന്‍മേല്‍ ക്ഷേത്ര അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.