പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

Webdunia
വെള്ളി, 29 ഏപ്രില്‍ 2011 (13:07 IST)
PRO
രാജ്യ തലസ്ഥാനത്തു നിന്ന് ഒരു സ്ത്രീപീഡന കഥകൂടി. ദക്ഷിണ ഡല്‍ഹിയില്‍ ഒരു പതിനഞ്ചുകാരിയെ സുഹൃത്ത് ഉള്‍പ്പെടെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. രണ്ട് ദിവസമാണ് പെണ്‍കുട്ടി പീഡനത്തിരയായത്.

ഏപ്രില്‍ 22, 23 തീയതികളിലാണ് സംഗം വിഹാറിലെ ഒരു വീട്ടില്‍ വച്ച് പെണ്‍കുട്ടി ആറ് പേരുടെ ക്രൂരതയ്ക്ക് ഇരയായത്. ഏപ്രില്‍ 23 ന് വൈകിട്ട് അവശയായ പെണ്‍കുട്ടിയെ ആറംഗ സംഘം അവളുടെ വീടിനടുത്ത് ഉപേക്ഷിച്ച് പോവുകയായിരുന്നു. എന്നാല്‍, അപമാനിതയായ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാതെ ഒരു കൂട്ടുകാരിയുടെ വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെ നിന്ന് നാല് ദിവസം കഴിഞ്ഞാണ് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി വീട്ടുകാരുടെ അടുത്ത് എത്തിച്ചത്.

രാജേഷ് എന്ന കൂട്ടുകാരന്‍ പറഞ്ഞത് അനുസരിച്ച് അയാളെ കാണാന്‍ പെണ്‍കുട്ടി തന്റെ വീടിനടുത്തുള്ള വിവേകാനന്ദ പാര്‍ക്കില്‍ എത്തുകയായിരുന്നു. അവിടെ നിന്ന് ഇയാള്‍ പെണ്‍കുട്ടിയെ സംഗം വിഹാറിലെ വീട്ടിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് രാജേഷും അഞ്ച് കൂട്ടുകാരും പെണ്‍കുട്ടിയെ മാറിമാറി ബലാത്സംഗത്തിനിരയാക്കി.

പെണ്‍കുട്ടിയുടെ മൊഴി അനുസരിച്ച് ആറ് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഈ വര്‍ഷം ഇതുവരെ 80 ബലാത്സംഗ കേസുകളാണ് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.