പട്ടിണി; കുടുംബത്തിലെ 7 പേര്‍ ആത്മഹത്യചെയ്തു!

Webdunia
ശനി, 16 ഏപ്രില്‍ 2011 (12:33 IST)
PRO
രാജ്യം വളര്‍ച്ചയുടെയും കാര്‍ഷികാഭിവൃദ്ധിയുടെയും കണക്കുകള്‍ നിരത്തുമ്പോള്‍ മന:സാക്ഷിയുടെ താളില്‍ വേദനയോടെ കുറിച്ചിടാന്‍ ഇതാ ഒരു കൂട്ട ആത്മഹത്യയുടെ കഥ! ഒറീസയിലെ കിയോന്‍‌ജഹര്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങള്‍ ആത്മഹത്യ ചെയ്തു - കാരണം, കടുത്ത പട്ടിണി!

ഒരു സ്ത്രീയും അവരുടെ ആറ് കുട്ടികളുമാണ് വിഷം കഴിച്ച് മരണത്തെ പുല്‍കിയത്. പട്ടിണിയെ തോല്‍പ്പിക്കാന്‍ മരണം തെരഞ്ഞെടുത്തവരില്‍ നാല് പേര്‍ പെണ്‍കുട്ടികളാണ്. 43 വയസ്സുള്ള ഇവരുടെ പിതാവ് ഉത്തര്‍ മെഹര്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ബര്‍ഗഡ് ജില്ലയിലുള്ള കുടുംബം തീര്‍ത്ഥാടനത്തിന്റെ ഭാഗമായാണ് കിയോന്‍‌ജഹറിലെത്തിയത്. ദാരിദ്ര്യത്തില്‍ നിന്ന് കരകയറാന്‍ കഴിവില്ലാത്തതിനാലാണ് കുടുംബം ആത്മഹത്യ ചെയ്തതെന്ന് ഉത്തര്‍ മെഹര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍, കൊല്ലപ്പെട്ടവരുടെ കഴുത്തില്‍ പാടുകള്‍ കണ്ടത് പൊലീസിന് സംശയത്തിന്റെ വക നല്‍കുന്നു. വിഷം കഴിച്ച കുടുംബാംഗങ്ങളെ ഉത്തര്‍ മെഹര്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.