പഞ്ചാബില്‍ 26കാരിയായ നഴ്സ് കൂട്ടമാനഭംഗത്തിന് ഇരായായ സംഭവത്തിലെ അന്വേഷണം വഴിത്തിരിവില്‍. എച്ച് ഐ വി പകരുന്ന സിറിഞ്ച് ഉപയോഗിച്ച് ഒരു സ്ത്രീയ്ക്ക് കുത്തിവയ്പ്പ് നടത്തിയതിന് ഈ നഴ്സിനെതിരെ 2012ല്‍ കേസെടുത്തിരുന്നു എന്നാണ് പൊലീസ് അറിയിക്കുന്നത്. ആ സ്ത്രീയുടെ ഭര്‍ത്താവുമായി നഴ്സിന് ബന്ധമുണ്ടായിരുന്നു എന്നാണ് വിവരം.
കഴിഞ്ഞ വെള്ളിയാഴ്ച നഴ്സിനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ എച്ച് ഐ വി ബാധിതയായ സ്ത്രീയും അവരുടെ അമ്മയും ഉണ്ടായിരുന്നു എന്ന് പൊലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
പഞ്ചാബില്‍ ചണ്ഡീഗഡിനടുത്ത് ഭട്ടിന്‍ഡയിലാണ് യുവതി കൂട്ടമാനഭംഗത്തിന് ഇരയായത്. 26- കാരിയായ നഴ്സിനെയാണ് അക്രമിസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയത്. മയക്കുമരുന്നു കുത്തിവച്ച് രണ്ട് ദിവസം പീഡിപ്പിച്ച ശേഷം ഭട്ടിന്‍ഡ-ദാബാവാലി റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു.
മോഗ ഗ്രാമത്തില്‍ നിന്നുള്ള യുവതി വെള്ളിയാഴ്ച ചണ്ഡീഗഡില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞ ശേഷം മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന യുവതിയോട് വഴി ചോദിക്കാനെന്ന വ്യാജേന കാറില്‍ വന്ന സംഘം സമീപിച്ചു. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകള്‍ തന്നെ ബലംപ്രയോഗിച്ചു കാറിലേക്കു വലിച്ചു കയറ്റി എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
കൂട്ടമാനഭംഗം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തു. വഴിയാത്രക്കാരാണ് യുവതിയെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് എത്തി അവരെ ആശുപത്രിയിലേക്ക് മാറ്റി.