നെയ്യാര്‍ ഡാമില്‍ നിന്ന് വെള്ളം വിട്ടുനല്‍കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ജൂണ്‍ 1 മുതല്‍ ജൂലൈ 9 വരെയുള്ള കാലയളവില്‍ നെയ്യാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അധികമഴ ലഭിച്ചു. ഡാം നിറഞ്ഞ് കവിഞ്ഞതായും തമിഴ് നാട് ചൂണ്ടിക്കാണിക്കുന്നു.
കന്യാകുമാരി ജില്ലയിലെ വിളയംകോട് താലൂക്കിലെ കൃഷി ആവശ്യത്തിനായി നെയ്യാറിലെ വെള്ളം നല്‍കണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. വെള്ളം നല്‍കാന്‍ കേരളത്തിന് നിയമപരമായ ബാധ്യതയുണ്ട്. സൗജന്യമായി വെള്ളം നല്‍കിയെന്ന് പറഞ്ഞ് ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും തമിഴ്‌നാട് പറയുന്നു.കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ മറുപടിയിലാണ് തമിഴ്‌നാട് വെള്ളം ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിദിനം 152 ഘനയടി വെള്ളം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് 2012 നവംബറില്‍ ഹര്‍ജി നല്‍കിയത്.
ശക്തമായ കാലവര്‍ഷം ലഭിച്ചതിനാല്‍ നെയ്യാറില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നും വിട്ടുതരുന്നതില്‍ കേരളത്തിന് ബുദ്ധിമുട്ടില്ലെന്നുമാണ് തമിഴ്‌നാടിന്റെ വാദം. വെള്ളം വിട്ടുനല്‍കാന്‍ തടസ്സമില്ലെന്നും അതിനായി കരാര്‍ വേണമെന്നുമാണ് കേരളം ആവശ്യപ്പെടുക. അഞ്ച് വര്‍ഷത്തേക്ക് ഇതിനായി കരാറില്‍ ഏര്‍പ്പെടാമെന്നാണ് കേരളം വ്യക്തമാക്കിയത്. എന്നാല്‍ 30 വര്‍ഷത്തേക്ക് കരാര്‍ വേണമെന്ന നിലപാടില്‍ തമിഴ്‌നാട് ഉറച്ചുനില്‍ക്കുകയാണ്.