നിരുപമ റാവു ട്വീറ്റ് ചെയ്യുകയാണ്

Webdunia
വെള്ളി, 11 ഫെബ്രുവരി 2011 (16:58 IST)
PRO
വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും ട്വിറ്ററിന്റെ വഴിയിലേക്ക്. വെള്ളിയാഴ്ചയാണ് നിരുപമ ട്വിറ്റര്‍ അക്കൌണ്ട് തുറന്നത് - (twitter.com/forsecnrao). ട്വിറ്ററില്‍ അക്കൌണ്ട് തുറക്കുന്ന ആദ്യ മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥയാണ് നിരുപമാറാവു‍.

ഇന്നു രാത്രി താന്‍ ന്യൂയോര്‍ക്കിലേക്ക് പോകുകയാണെന്ന (“ലീവിംഗ്4ന്യൂയോര്‍ക്ക് റ്റുനൈറ്റ്”) സന്ദേശമായിരുന്നു ഇവരുടെ ആദ്യ പോസ്റ്റ്. ഉച്ചക്ക് 12.10 നായിരുന്നു ഇത്. അവരുടെ ബ്ലാക്ബെറി മൊബൈലില്‍ നിന്നുമാണ് സന്ദേശം അയച്ചതെന്നും അവരുടെ ഔദ്യോഗിക പരിപാടികളെക്കുറിച്ച് അറിയിക്കാനാണിതെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണക്കൊപ്പമാണ് അവര്‍ യു എന്നിലേക്ക് തിരിക്കുന്നത്. ആദ്യ ഒരു മണിക്കൂറിനുള്ളില്‍ 150 ഫോളോവേഴ്സിനെയാണ് നിരുപമയ്ക്ക് ലഭിച്ചത്. എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു.

ഇതോടെ, സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ വിദേശകാര്യ മന്ത്രാലയം മറ്റൊരു വലിയ തുടക്കമാണ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് മന്ത്രാലയത്തിന്‍റെ നയതന്ത്ര വിഭാഗം ട്വിറ്ററില്‍ അക്കൌണ്ട് തുറന്നത് (twitter.com/Indiandiplomacy). ഇതിന് 5800 ഫോളോവേഴ്സുണ്ട്.