നിത്യാനന്ദനു മേല്‍ കുടുക്ക് മുറുകുന്നു

Webdunia
വെള്ളി, 11 ജൂണ്‍ 2010 (08:58 IST)
പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന നിത്യാനന്ദ പരമഹംസര്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ യഥാര്‍ത്ഥമാണെന്ന് തെളിഞ്ഞതോടെ വിവാദ സ്വാമിയുടെ നില വീണ്ടും പരുങ്ങലിലായി. ഹൈദരാബാദിലെ സെണ്ട്രല്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിച്ച ടേപ്പുകളില്‍ കൃത്രിമമൊന്നും നടന്നിട്ടില്ല എന്ന് കര്‍ണാടക സിഐഡിയാണ് വെളിപ്പെടുത്തിയത്.

ലെനിന്‍ കറുപ്പന്‍ എന്ന ആശ്രമ അന്തേവാസിയാണ് നിത്യാനന്ദന്റെ അശ്ലീല ടേപ്പുകള്‍ പുറത്തുവിട്ടത്. നിത്യാനന്ദനും തമിഴ് നടി രഞ്ജിതയും ഉള്‍പ്പെട്ട രംഗങ്ങള്‍ ഒരു സ്വകാര്യ ചാനല്‍ സം‌പ്രേക്ഷണം ചെയ്തതോടെയാണ് സ്വാമിയുടെ വിശ്യാസ്യത ചോദ്യം ചെയ്യപ്പെട്ടത്. എന്നാല്‍, വീഡിയോയിലെ രംഗങ്ങള്‍ സത്യസന്ധമല്ലെന്ന നിലപാടിലായിരുന്നു രഞ്ജിതയും നിത്യാനന്ദനും.

ടേപ്പുകള്‍ പരിശോധിച്ചപ്പോള്‍ കൂട്ടിച്ചേര്‍ക്കലുകളോ മറ്റ് കൃത്രിമമോ നടന്നിട്ടില്ല എന്ന് വ്യക്തമായതായി കര്‍ണാടക സിഐഡി ഡെപ്യൂട്ടി ഐജി ചരന്‍ റെഡ്ഡി വ്യക്തമാക്കി. അതേസമയം, നിത്യാനന്ദ കേസില്‍ രഞ്ജിതയെ അറസ്റ്റ് ചെയ്യില്ല എന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. രഞ്ജിത കേസിലെ പ്രതി അല്ല എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ഏപ്രില്‍ 21 ന് ഹിമാചല്‍ പ്രദേശില്‍ നിന്നാണ് നിത്യാനന്ദയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങളാണ് നിത്യാനന്ദനു മേല്‍ ആരോപിച്ചിരിക്കുന്നത്.