നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടങ്ങി, ഫലം ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്നുതുടങ്ങും. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ നാല് സംസ്ഥാനനിയമസഭകളിലേക്കുനടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് പുറത്തുവരിക.
തിരഞ്ഞെടുപ്പ് നടന്ന മിസോറമില്‍ വോട്ടെണ്ണല്‍ തിങ്കളാഴ്ചയേ നടക്കുകയുള്ളൂ. ഛത്തീസ്ഗഢില്‍ നവംബര്‍ 11-നും, 19-നും മധ്യപ്രദേശില്‍ നവംബര്‍ 25-നും രാജസ്ഥാനില്‍ ഡിസംബര്‍ ഒന്നിനും ഡല്‍ഹി, മിസോറം എന്നിവിടങ്ങളില്‍ ഡിസംബര്‍ നാലിനുമാണ് വോട്ടെടുപ്പ് നടന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഈ ഫലങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്. ഡല്‍ഹി ഒഴികെയുള്ളിടങ്ങളില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലാണ് പ്രധാനമത്സരം.
ഡല്‍ഹിയില്‍ 'ആം ആദ്മി പാര്‍ട്ടി' യുടെ രംഗപ്രവേശത്തോടെ ത്രികോണമത്സരത്തിന് അരങ്ങൊരുങ്ങി. മിസോറമില്‍ കോണ്‍ഗ്രസ്സും മിസോ ജനാധിപത്യ സഖ്യവുമാണ് ഏറ്റുമുട്ടുന്നത്.
എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം കോണ്‍ഗ്രസ്സിന് തിരിച്ചടിയാണ് പ്രവചിച്ചിരിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഢിലും ബിജെപി അധികാരം നിലനിര്‍ത്തുമെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസ്സില്‍ നിന്ന് ബിജെപി പിടിച്ചെടുക്കുമെന്നുമാണ് പല എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്.
ഡല്‍ഹിയില്‍ തൂക്കുസഭയ്ക്കുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെ ടുന്നു.ചില എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് ഡല്‍ഹിയില്‍ വ്യക്തമായ വിജയം പ്രവചിക്കുന്നുണ്ട്. പ്രധാനമന്തി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡി തരംഗം ഫലമുണ്ടായോയെന്ന വിലയിരുത്തലുമാകും ഈ തിരഞ്ഞെടുപ്പ് ഫലം
ഡല്‍ഹിയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീലാദീക്ഷിത് നാലാം വട്ടമാണ് ജനവിധി തേടുന്നത്. അതേ സമയം, മധ്യപ്രദേശില്‍ ബിജെപിയുടെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഛത്തീസ്ഗഢില്‍ ബിജെപിയുടെ രമണ്‍ സിങ്ങും മൂന്നാംവട്ട വിജയമാണ് മുന്നില്‍ക്കാണുന്നത്.മിസോറമില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.