നായിക മൈന്‍ഡ് ചെയ്തില്ല, നായകന്‍ ജീവനൊടുക്കി!

Webdunia
വെള്ളി, 29 ജൂലൈ 2011 (14:56 IST)
PRO
തമിഴ് സിനിമയിലെ പുതുമുഖ നടന്‍ അജയ് ആത്മഹത്യ ചെയ്തു. തന്‍റെ ആദ്യ ചിത്രത്തിലെ നായികയോടുള്ള പ്രണയം പരാജയപ്പെട്ടതാണ് നായകനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ‘അമ്പുലി’ എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്തെത്തിയ അജയ് ചിത്രത്തിലെ നായികയായ സനം പ്രണയം നിഷേധിച്ചതിനെ തുടര്‍ന്ന് ജീവനൊടുക്കുകയായിരുന്നു.

‘അമ്പുലി’ ഉടന്‍ പ്രദര്‍ശനത്തിനെത്താനിരിക്കെയാണ് നായകന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയിലാണ് അജയിന് നായിക സനത്തോട് പ്രണയം തോന്നിയത്. സനം ഇത്രത്ര കാര്യമാക്കിയില്ല. എന്നാല്‍ ചിത്രീകരണം അവസാനിച്ചപ്പോള്‍ വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തിയ അജയിനോട് സനം ‘നോ’ പറയുകയായിരുന്നു.

ഇതില്‍ മനം നൊന്ത അജയ് ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഹരീഷ് നാരായണ്‍, ഹരിശങ്കര്‍ എന്നിവരാണ് അമ്പുലി സംവിധാനം ചെയ്തിരിക്കുന്നത്.

ഈ പ്രണയത്തേക്കുറിച്ചൊന്നും തങ്ങള്‍ക്കറിയില്ലായിരുന്നു എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അമ്പുലി ഒരു 3ഡി ചിത്രമാണ്. തമിഴ് നടന്‍ പാര്‍ത്ഥിപന്‍ ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.