നരേന്ദ്ര മോഡിയെ വിശ്വസിക്കണം; ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (14:30 IST)
PRO
നരേന്ദ്ര മോഡിയെ വിശ്വസിക്കണമെന്ന് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍. മോഡിയെ അനുകൂലിച്ച കൃഷ്ണയ്യര്‍ക്കെതിരെ വിമര്‍ശനങ്ങളുമായി എത്തിയവര്‍ക്കാണ് കൃഷ്ണയ്യര്‍ മറുപടി നല്‍കുന്നത്.

മുസ്ലീമുകളെ കൊന്നൊടുക്കിയ വ്യക്തിയാണ് മോഡിയെന്ന് ആരോപിക്കുന്നവരുണ്ട്. എങ്കില്‍, 2002നുശേഷവും മോഡി മുഖ്യമന്ത്രിയെന്ന നിലയില്‍ ഗുജറാത്ത്‌സ്വദേശികള്‍ക്ക് എങ്ങനെ സ്വീകാര്യനായെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ചോദിച്ചു. മോഡിയുടെ രാഷ്ട്രീയവുമായി നമുക്ക് വിയോജിപ്പുണ്ടെന്നുവെച്ച് അദ്ദേഹത്തിനെതിരെ മറ്റ് സിദ്ധാന്തങ്ങളൊന്നും ഉന്നയിക്കേണ്ടതില്ലെന്നാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ നിലപാട്.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് മോഡിയെ താന്‍ അപലപിച്ചിട്ടുണ്ട്. എന്നാല്‍, കാലം മാറിയപ്പോള്‍ മോഡിക്ക് മാറ്റം വന്നിട്ടുണ്ട്. ഹിന്ദു-മുസ്ലീം സൗഹൃദത്തിനായി മതേതരത്വ കാഴ്ചപ്പാടുള്ള മോഡി നിലകൊള്ളുമെന്ന് വിശ്വാസം ഉണ്ടെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ പറയുന്നു.

ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായ മോഡിയില്‍ വിശ്വാസം അര്‍പ്പിക്കുന്ന തന്നെ ശക്തിയായി എതിര്‍ക്കുന്നവരുണ്ട്. അവര്‍ക്ക് അവരുടേതായ നിലപാടാകാമെന്ന് അദ്ദേഹം പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആദര്‍ശങ്ങളുമായി തനിക്ക് യോജിപ്പുണ്ട്. എന്നാല്‍, നെഹ്‌റുകുടുംബത്തില്‍പ്പെട്ടവര്‍തന്നെ ഇന്ത്യയുടെ ഭരണം കൈയാളണമെന്ന് താന്‍ കരുതുന്നില്ലെന്ന് കൃഷ്ണയ്യര്‍ വ്യക്തമാക്കി.