നന്ദിഗ്രാം:സി.ആര്‍.പി.എഫ് തുടര്‍ന്നേക്കും

Webdunia
ബുധന്‍, 30 ജനുവരി 2008 (18:37 IST)
സി.ആര്‍.പി.എഫ് നന്ദിഗ്രാമില്‍ പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ തുടര്‍ന്നേക്കും. ഇക്കാര്യത്തില്‍ കേന്ദ്രാനുമതി ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ പശ്ചിമബംഗാള്‍ തുടങ്ങി.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ സി.ആര്‍.പി.എഫ് നന്ദിഗ്രാമില്‍ തുടരണമെന്നാണ് ബംഗാള്‍ സര്‍ക്കാരിന്‍റെ ആവശ്യമെന്ന് ആഭ്യന്തര സെക്രട്ടറി പി.ആര്‍.റോയ് പറഞ്ഞു. ‘നന്ദിഗ്രാമില്‍ സമാധാനം പുന:സ്ഥാപിക്കപ്പെട്ടു. ജനജീവിതം സാധാരണ നിലയിലായി‘;റോയ് പറഞ്ഞു.

നന്ദിഗ്രാമിലെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ സി.പി.ഐ(എം)ന്‍റെ പ്രതിഛായക്ക് കോട്ടമേല്‍പ്പിച്ചിരുന്നു. നന്ദിഗ്രാമില്‍ തെറ്റ് പറ്റിയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ സമ്മതിച്ചിരുന്നു. നന്ദിഗ്രാമില്‍ ആക്രമണങ്ങള്‍ നടത്തിയത് സി.പി.ഐ(എം)പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ആരോപിച്ചപ്പോള്‍ മാവോയിസ്റ്റുകളാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് സി.പി.ഐ(എം)പറഞ്ഞിരുന്നു. നന്ദിഗ്രാമിലെ ആക്രമണ പ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പിയെ പോലുള്ള കക്ഷികള്‍ ബംഗാള്‍ മന്ത്രിസഭ വിടുവാന്‍ തീരുമാനിച്ചിരുന്നു.