ധോണി ഇന്ത്യയിലെ ശക്തനെന്ന് ടൈം

Webdunia
വെള്ളി, 22 ഏപ്രില്‍ 2011 (13:05 IST)
PRO
ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ് സ്വപ്നങ്ങള്‍ സാക്ഷാത്കരിച്ച നായകന്‍ മഹേന്ദ്രസിംഗ് ധോണി ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. ടൈം മാസിക തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം പിടിച്ചവരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് ധോണി എന്ന പ്രത്യേകത കൂടിയുണ്ട്. പട്ടികയില്‍ ധോണിയുടെ റാങ്ക് 52 ആണ്.

28 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ മണ്ണില്‍ തിരികെയെത്തിച്ച ധോണി എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ആണെന്ന് ടൈം വിലയിരുത്തുന്നു. ധോണി പ്രകടമാക്കിയ ആത്മവിശ്വാസത്തെയും അദ്ദേഹം കാട്ടുന്ന വിനയത്തെയും ടൈം പ്രകീര്‍ത്തിച്ചു. കപ്പ് നേടുക മാത്രമല്ല, ഇന്ത്യന്‍ ടീമിനെ വിജയിക്കാന്‍ പഠിപ്പിച്ച ആളാണ് ധോണിയെന്നും ടൈം പറയുന്നു.

മുകേഷ് അംബാനി, വി എസ് രാമചന്ദ്രന്‍‍, അസിം പ്രേംജി, അരുണ റോയി എന്നിവരും ഇന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

ഈജിപ്റ്റിലെ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച ഗൂഗിള്‍ എക്സിക്യൂട്ടീവ് വേല്‍ ഗോനിം ആണ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയത്. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ജനപ്രീതി കുറഞ്ഞു വരുന്നതായാണ് ടൈം മാസികയുടെ വിലയിരുത്തല്‍. ഒബാമ പട്ടികയില്‍ എണ്‍പത്തിയാറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആറാം സ്ഥാനം നേടിയപ്പോള്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. പാക് ചാരസംഘടയായ ഐ എസ് ഐയുടെ തലവന്‍ അഹമ്മദ് ഷൂജ പാഷ പട്ടികയില്‍ പതിനേഴാം സ്ഥാനത്ത് നില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്.