പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബജറ്റ് ധനമന്ത്രി പി ചിദംബരം തിങ്കളാഴ്ച രാവിലെ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. സീമാന്ധ്രാ എം പിമാരുടെ ‘തെലങ്കാന‘ പ്രതിഷേധത്തിനിടെയും ധനമന്ത്രി പി ചിദംബരം യുപിഎ സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നത് തുടരുകയാണ്.
ചിദംബരത്തിന്റെ ഒമ്പതാമത് ബജറ്റ് അവതരണമാണിത്. അടുത്ത നാലുമാസത്തേക്കുള്ള സര്‍ക്കാറിന്റെ ചെലവുകള്‍ക്ക് അനുമതിതേടിയുള്ള വോട്ട് ഓണ്‍ അക്കൌണ്ടാണ് അവതരിപ്പിക്കുന്നത്.12 മുതല്‍ 18 പേജുവരെ മാത്രമായിരിക്കും തന്റെ ബജറ്റ് പ്രസംഗമെന്ന് ധനമന്ത്രി പി. ചിദംബരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2004- ല്‍ എന്‍.ഡി.എ. സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന ജസ്വന്ത് സിങും 2009-ല്‍ ഒന്നാം യു.പി.എ സര്‍ക്കാറില്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും ഇടക്കാല ബജറ്റുകള്‍ അവതരിപ്പിച്ചിരുന്നു. ജസ്വന്ത് സിങ്ങിന്റെ ബജറ്റ് പ്രസംഗം 12 പേജും പ്രണബിന്‍േറത് 18 പേജും മാത്രമായിരുന്നു.
2014-15 സാമ്പത്തിക വര്‍ഷത്തേക്കുള്ള സര്‍ക്കാറിന്റെ സാമ്പത്തികനയത്തിന്റെ സമീപന രേഖയായിരിക്കും ഇടക്കാല ബജറ്റ്. ബജറ്റ് അവതരണത്തിനിടെ തെലങ്കാന പ്രതിഷേധമുയരുന്നുണ്ട്.