ദേശീയഗാനത്തോടെ അനാദരവ്: കേസില്‍ ശശി തരൂരിനെ കുറ്റവിമുക്തനാക്കി

Webdunia
ശനി, 6 ജൂലൈ 2013 (18:23 IST)
PTI
PTI
ദേശീയഗാനത്തോടെ അനാദരവ് കാണിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂരിനെ കുറ്റവിമുക്തനാക്കി. കേസ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നും ദേശീയഗാനത്തെ അപമാനിക്കാന്‍ തരൂര്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. എറണാകുളം അഡീഷണല്‍ സിജെഎം കോടതിയാണ് തരൂരിനെതിരായ കേസ് റദ്ദാക്കിയത്.

2008 ല്‍ കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ തരൂര്‍ കൈ നെഞ്ചോട് ചേര്‍ത്തുവെച്ചിരുന്നു. ആ സദസ്സിലെ മറ്റുള്ളവരെ ദേശീയഗാനം ആലപിച്ചപ്പോള്‍ നെഞ്ചില്‍ കൈവെയ്ക്കാന്‍ പ്രേരിപ്പിച്ചെന്നും പറഞ്ഞ് ജോയ് കൈതാരം പരാതി നല്‍കിയിരുന്നു.

ശശി തരൂരിനെതിരെയുള്ള പരാതി പിന്‍വലിക്കാന്‍ പരാതിക്കാരനായ ജോയ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. വിവാദത്തില്‍ ശശി തരൂര്‍ ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജോയ് അപേക്ഷ പിന്‍വലിക്കാന്‍ തയ്യാറായത്.

കീഴ്‌ക്കോടതി വിചാരണ തടയണമെന്നാവശ്യപ്പെട്ട് തരൂര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ തരൂരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി വിചാരണ തുടരാന്‍ ഉത്തരവിടുകയായിരുന്നു.