ദേവയാനിക്കെതിരേ കുറ്റം ചുമത്തുന്നത് നീട്ടണമെന്ന് ആവശ്യം അമേരിക്ക എതിര്‍ത്തു

Webdunia
ചൊവ്വ, 7 ജനുവരി 2014 (15:07 IST)
PRO
PRO
ജോലിക്കാരിയുടെ വിസ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയ്ക്കെതിരെ കുറ്റം ചുമത്തുന്നത് നീട്ടണമെന്ന അഭിഭാഷകന്റെ ആവശ്യത്തെ അമേരിക്ക എതിര്‍ത്തു. അറസ്റ്റു ചെയ്ത്‌ ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് അമേരിക്കയിലെ നിയമം. അതുപ്രകാരം ഈ മാസം 13നാണ്‌ കുറ്റപത്രം സമര്‍പ്പിക്കേണ്ടത്. അത് ഫെബ്രുവരി 12വരെ നീട്ടണമെന്നായിരുന്നു ദേവയാനിയുടെ ആവശ്യം.

എന്നാല്‍ ദേവയാനിയുടെ ആവശ്യത്തെ യു.എസ് പ്രോസിക്യൂട്ടര്‍ പ്രീത് ഭരാര എതി ര്‍ത്തു. കുറ്റം ചുമത്തുന്നത് നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ഒരു വിധത്തിലും ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം യുഎസ് ഡിസ്ട്രിക്ട് കോടതിയെ അറിയിച്ചു. പ്രശ്ന പരിഹാരത്തിന് ഇന്ത്യയും അമേരിക്കയും തമ്മിള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും കുറ്റം ചുമത്തിയ ശേഷവും അത് തുടരാവുന്നതാണ്. കേസ് നീട്ടി വയ്ക്കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരത്തില്‍ പെടുന്നതാണ്. അത് മാറ്റാന്‍ എതിര്‍കക്ഷിയ്ക്ക് കഴിയില്ലെന്നും ഭരാര ചൂണ്ടിക്കാട്ടി.

വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ചാണ്‌, ഡിസംബര്‍ 12ന്‌ ദേവയാനിയെ ന്യൂയോര്‍ക്ക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തതത്‌. ദേവയാനിയെ കൈവിലങ്ങിട്ടു പൊതുനിരത്തിലൂടെ കൊണ്ടുപോയതും ലഹരി-ലൈംഗിക കുറ്റവാളികള്‍ക്കൊപ്പം പാര്‍പ്പിച്ചതും വിവസ്‌ത്രയാക്കി ദേഹപരിശോധന നടത്തിയതും വിവാദത്തിന് ഇടയാക്കിയിരുന്നു.